2026 പൂജവയ്പ്പ്, ആയുധ പൂജ, പൂജയെടുപ്പ്, വിദ്യാരംഭം; അറിയേണ്ടതെല്ലാം
2026 ഒക്ടോബർ 18 (1202 തുലാം 1) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിരിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ഇതു കൃത്യമാണ് .
2026 ഒക്ടോബർ 21 (1199 തുലാം 4 ബുധനാഴ്ച്ചയാണ് വിജയദശമി. അന്ന് രാവിലെ ക്ഷേത്രാചാരങ്ങൾ പ്രകാരം പൂജയെടുക്കാം. തുടർന്ന് 8:11വരെയും 10:22 ന് ശേഷവും മുഹൂർത്ത പ്രകാരം വൃശ്ചികം രാശി ഒഴിവാക്കി വിദ്യാരംഭം നടത്താം. 08:11 മുതൽ 10:22 വരെ ഒഴിവാക്കണമെന്ന് സാരം. എന്നാൽ വിജയദശമി ദിവസം വിദ്യാരംഭത്തിന് ഈ മുഹൂർത്ത നിയമം ബാധകമല്ല. ദക്ഷിണാമൂർത്തി, സരസ്വതി പൂജ എന്നിവയാൽ ദേവചൈതന്യം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഈ ദിവസം മുഹൂർത്ത ഗണനം നടത്തേണ്ടതില്ല.
വിജയദശമിക്ക് മുഹൂർത്തം നോക്കണ്ട
കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്ത ഗണനം നടത്തിയും വിദ്യാരംഭം നടത്താം. സരസ്വതി ക്ഷേത്രങ്ങൾ, ഗണപതിക്ഷേത്രങ്ങൾ, ദക്ഷിണാമൂർത്തി സങ്കല്പമുള്ള ക്ഷേത്രങ്ങൾ, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. സ്വന്തം വീട്ടിലും ഈ ദിവസം രാവിലെ 8:11 വരെയും 10:22 ന് ശേഷവും ഈ വർഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. കച്ചവട പ്രചരണ താല്പര്യം ലക്ഷ്യമാക്കി ഓഫീസുകളിലും മറ്റ് ചില സ്ഥലങ്ങളിലും നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കണം. വിദ്യാരംഭത്തിന് മാത്രം തയ്യാറാക്കുന്ന സ്ഥലങ്ങൾ, ഓഫീസുകൾ, ആഡിറ്റോറിയം എന്നിവ കഴിയുമെങ്കിൽ ഒഴിവാക്കണം. നിത്യപൂജയുള്ളതും പവിത്രവുമായ ക്ഷേത്രത്തിൽ ചെയ്യുന്ന കർമ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ല. മന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്ന ഒരു ശുഭകർമ്മം അത്യുത്തമം ആയിരിക്കും.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിൽ കുഞ്ഞിന്റെ വിരൽപിടിച്ചും സ്വർണ്ണമോതിരം കൊണ്ട് നാവിലും “ഹരിശ്രീ ഗണപതയെ നമഃ ” എന്ന് എഴുതുന്നതാണ് വിദ്യാരംഭം. സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നൽകാൻ അർഹതയുള്ളവരാണ്. എന്നാൽ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാർ എഴുതിക്കാൻ പാടില്ല (മേടം – വൃശ്ചികം ഈ കൂറുകൾ തമ്മിലും, തുലാം ഇടവം എന്നീ കൂറുകൾ തമ്മിലും ഈ ദോഷം പറയാനും പാടില്ല.
വിജയദശമി കണക്കാക്കുന്നത് എങ്ങനെ ?
കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറുനാഴികയോ അതിൽ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ദിവസം ഏതൊരാൾക്കും വിദ്യാരംഭത്തിന് ഉത്തമമാകുന്നു. എന്നാൽ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വർഷങ്ങളിൽ വിജയദശമി വരുന്നത് തുലാം മാസത്തിലുമാകാം. ഇത്തവണ അങ്ങനെയാണ്. പൂജ വയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.
ഏത് പ്രായത്തിൽ വിദ്യാരംഭം നടത്താം?
രണ്ടരവയസ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലും ഉള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോൾ പഠിക്കുന്ന ശീലങ്ങൾക്ക് അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്റെ നല്ല വശം. അതിനാൽ രണ്ടരവയസ്സ് മുതൽ വിദ്യാരംഭം നടത്താം. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കണം. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ നല്ലമനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.*
വിദ്യാരംഭത്തിന് സ്വീകരിക്കാവുന്ന മുഹൂർത്തം ?
വിജയദശമി ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്ത ഗണനം നടത്തിയും വിദ്യാരംഭം നടത്താം. ഇതിന് തിരുവാതിരയും ഊൺനാളുകളായ അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (17 എണ്ണം) എന്നീ നക്ഷത്രങ്ങളിലും മുഹൂർത്തം എടുക്കാം. നവമി തിഥിയും കൊള്ളാം. രാത്രിയെ മൂന്നായി ഭാഗിച്ചാൽ അതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാർ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വർജ്ജ്യങ്ങളാകുന്നു. ക്ഷേത്രത്തിൽ വെച്ച്, സകലപൂജാദികർമ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വർജ്ജ്യമല്ല. വിജയ ദശമി ദിവസവും ജന്മനക്ഷത്രം നോക്കേണ്ടതില്ല.
പൂജ വയ്ക്കുന്ന രീതി എന്താണ് ?
ഒരു പീഠത്തിൽ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പിൽ മദ്ധ്യത്തിൽ അഷ്ടദളവും വശങ്ങളിൽ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയിൽ നാല് സ്വസ്തികവും ഇടണം (വ്യത്യസ്തമായി ചെയ്യുന്നവരും ഉണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂർത്തിയ്ക്കും പൂജിക്കണം. പൂജ പൂർത്തിയായാൽ പുസ്തകങ്ങൾ പത്മത്തിൽ സമർപ്പിക്കാം. വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെക്കാം. ക്ഷേത്രങ്ങളിൽ പൂജവെക്കുന്നവർ രാവിലെയും വൈകിട്ടും ക്ഷേത്രദർശനവും പ്രാർത്ഥനകളും നടത്തേണ്ടതാകുന്നു.
ദേവിയുടെ മന്ത്രങ്ങൾ അറിയാത്തവർ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദർശനസമയത്തും ജപിക്കാവുന്നതാണ്.
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത് മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാൽ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
വിദ്യാലാഭമന്ത്രം
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാം. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാൽ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാൻ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാർച്ചനകൾക്കായി മിക്ക കർമ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.
ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വർണ്ണാസ്തേ തവ ജനനി നാമാവയവതാം
പൂജയെടുക്കേണ്ടത് എങ്ങനെ ?
20236ഒക്ടോബർ 21 (1202തുലാം 4 ) വിജയദശമി നാൾ രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുക്കാം. പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തിൽ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നൽകി വാങ്ങണം. തുടർന്ന് ക്ഷേത്രത്തിൽ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ നമഃ അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടർന്ന് ദേവിയുടെ അനുവാദവും ആശീർവാദവും വാങ്ങി വീടുകളിലേക്ക് മടങ്ങണം.*
പൂജവയ്പ്പ്
2026 ഒക്ടോബർ 18 (1202 തുലാം 1) ഞായറാഴ്ച: ദുർഗ്ഗാഷ്ടമി (ക്ഷേത്രം തുറക്കുന്ന സമയം മുതൽ പൂജവെയ്പ്പ്)
ആയുധപൂജ
2026 ഒക്ടോബർ 20 (1292 തുലാം 3) ചൊവ്വാഴ്ച . മഹാനവമി, ആയുധപൂജ (വൈകിട്ട്).
പൂജയെടുപ്പ്, വിദ്യാരംഭം
2026 ഒക്ടോബർ 21 (1202 തുലാം 4 ബുധനാഴ്ച : വിജയദശമി, പൂജയെടുപ്പ് (രാവിലെ), പൂജയെടുപ്പിനുശേഷം വിദ്യാരംഭം.