സമ്പൂർണ വാരഫലം: 2025 ജൂൺ 23 മുതൽ 29 വരെ നിങ്ങൾക്ക് ഗുണമോ ദോഷമോ എന്നറിയാം


2025 ജൂൺ 23 – 29: ഈ ആഴ്ചയിലെ നക്ഷത്രഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

2025 ജൂൺ 22-ന് മേടക്കൂറിൽ ഭരണി നക്ഷത്രം രണ്ടാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ യോഗിനി ഏകാദശി, സോമപ്രദോഷം, മിഥുനമാസത്തിലെ കറുത്തവാവ്, വാരാഹി നവരാത്രി അഥവാ ആഷാഡ ഗുപ്ത നവരാത്രി ആരംഭം എന്നിവയാണ്. വാരം ആരംഭിക്കുന്ന ഞായറാഴ്ചയാണ് യോഗിനി ഏകാദശി വ്രതം. ആഷാഢത്തിലെ കറുത്തപക്ഷ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ജൂൺ 23 തിങ്കളാഴ്ച മിഥുനമാസത്തിലെ കൃഷ്ണപക്ഷ സോമപ്രദോഷമാണ്. അപൂർവമായി വരുന്ന കറുത്തപക്ഷ തിങ്കൾ പ്രദോഷം അനുഷ്ഠിച്ചാൽ സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ജൂൺ 25-നാണ് മിഥുനമാസത്തിലെ അമാവാസി. ജൂൺ 26-നാണ് നാല് നവരാത്രികളിൽ ഒന്നായ വാരാഹി നവരാത്രി ആരംഭിക്കുന്നത്. ശ്രീ ലളിതാദേവിയുടെ സേനാനായികയായ വാരാഹി ദേവി ഭജനത്തിന് വിശേഷപ്പെട്ട ഈ 9 ദിവസങ്ങൾ ജൂലൈ 4-ന് മഹാവാരാഹി പൂജയോടെ സമാപിക്കും. ജൂൺ 28-ന് കർക്കടകക്കൂറ് ആയില്യം നക്ഷത്രം മൂന്നാം പാദത്തിൽ ഈ വാരം അവസാനിക്കും.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1)

ഈ ആഴ്ച മേടക്കൂറുകാർക്ക് ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും, ഇത് ജോലിഭാരം വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്യും. ജോലികൾ യഥാസമയം പൂർത്തിയാക്കുന്നതിൽ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. എങ്കിലും ജീവിതത്തിൽ ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ മികവ് തെളിയിക്കാൻ സാധിക്കും. നിത്യവും 108 തവണ വീതം ഓം നമോ നാരായണായ ജപിക്കുന്നത് ഉത്തമമാണ്.

ഇടവക്കൂറ് (കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)

ഇടവക്കൂറുകാർക്ക് ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സമ്മർദ്ദം അനുഭവപ്പെടും. എന്നാൽ നമുക്ക് വഹിക്കാൻ കഴിയുന്നതിലും കൂടുതൽ വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. മക്കളുടെ പഠനാവശ്യങ്ങൾക്കായി ധാരാളം പണം ചെലവാകും, ഇത് പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കാൻ സാധ്യതയുണ്ട്. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ദിവസവും 108 തവണ വീതം ഓം ശ്രീം നമഃ ജപിക്കുന്നത് നല്ലതാണ്.

മിഥുനക്കൂറ് (മകയിരം 3,4, തിരുവാതിര, പുണർതം 1, 2,3)

മിഥുനക്കൂറുകാർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. സുരക്ഷിത പദ്ധതികളിൽ നിക്ഷേപം നടത്താൻ വിദഗ്ദ്ധ സഹായം തേടും. ചിലർക്ക് ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ ഒരന്തരീക്ഷം നിലനിൽക്കും. വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷനോ കൂടുതൽ ആനുകൂല്യങ്ങളോ ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമയം വളരെ അനുകൂലമാണ്. നിത്യവും 108 തവണ ഓം നമോ നാരായണ ജപിക്കുന്നത് ഉത്തമമാണ്.

കർക്കടകക്കൂറ് (പുണർതം 4, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ആരോഗ്യത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ദിനചര്യ ക്രമീകരിക്കാൻ സാധിക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കും. പ്രധാനപ്പെട്ട ചില പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ കഴിയും, ഇത് സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കും. കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം ഇഷ്ടങ്ങൾ നടക്കുന്നില്ല എന്ന് തോന്നാം. അതുമൂലം അവരോടുള്ള മനോഭാവവും അല്പം പരുഷമായേക്കാം. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്ന കോഴ്സിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുന്നത് നല്ലതാണ്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1)

ചിങ്ങക്കൂറുകാർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നാലും ഒരു സന്തോഷം അനുഭവിക്കാൻ കഴിഞ്ഞെന്ന് വരില്ല. പണം സൂക്ഷിച്ച് ചെലവഴിക്കണം, അല്ലെങ്കിൽ വരുന്ന ആഴ്ചയിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. ആരോടും രഹസ്യങ്ങൾ പങ്കിടരുത്, അല്ലാത്തപക്ഷം വിശ്വാസം മുതലെടുത്ത് ആ വ്യക്തി നിങ്ങളെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്. ഒരു യാത്ര ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. നിറവേറ്റാൻ കഴിയില്ലെന്ന് തോന്നുകയാണെങ്കിൽ ഒരു വാഗ്ദാനവും ആർക്കും തന്നെ നൽകരുത്. ജീവിതപങ്കാളിയുമായുള്ള ബന്ധം മികച്ചതായിത്തീരും. ഓം നമഃ ശിവായ ജപിക്കുന്നത് ഉത്തമമാണ്.

കന്നിക്കൂറ് (ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2)

കന്നിക്കൂറുകാർക്ക് ഏറ്റെടുത്ത എല്ലാ ജോലികളും നിറവേറ്റാൻ സാധിക്കും. ഏതെങ്കിലും രോഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് പൂർണ്ണമായും മാറും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കും, ഇതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ചിലർക്ക് പുതിയ വീട് വാങ്ങാനോ, പഴയ വീട് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കാനോ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മനോവീര്യം തകർത്തേക്കാം. വിദേശ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ട്. കഠിനാധ്വാനം തുടരുന്നത് ഗുണം ചെയ്യും. 108 തവണ ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുന്നത് ഉത്തമമാണ്.

തുലാക്കൂറ് (ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)

തുലാക്കൂറുകാർക്ക് സ്വത്ത്, സമ്പാദ്യം തുടങ്ങിയവയ്ക്ക് കാര്യമായി ശ്രമിക്കാൻ കഴിഞ്ഞെന്ന് വരില്ല. അടുത്ത ബന്ധുവുമായി ഏതെങ്കിലും അനാവശ്യ കാര്യത്തെച്ചൊല്ലിയുള്ള കലഹം കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ഇത് മാനസിക പിരിമുറുക്കം കൂട്ടുകയും ചെയ്യും. പാർട്ട്ണർഷിപ്പ് ബിസിനസ്സ് നടത്തുന്നവർക്ക് ഈ കാലയളവിൽ എല്ലാ മുൻകാല നഷ്ടങ്ങളും നികത്താനാകും. ജോലിയിൽ മികവ് പുലർത്താൻ സാധിക്കും. മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഓം നമഃ ശിവായ ജപിക്കുന്നത് ഉത്തമമാണ്.

വൃശ്ചികക്കൂറ് (വിശാഖം 4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ചെറിയ അസുഖങ്ങൾക്കും മാനസികമായ പിരിമുറുക്കത്തിനും സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകും. ഏത് തീരുമാനവും നന്നായി ആലോചിച്ച് വളരെ ബുദ്ധിപരമായി എടുക്കാൻ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും. എല്ലാ ദിവസവും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1)

ധനുക്കൂറുകാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ദിനചര്യയിൽ മാറ്റം വരുത്തും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും ഗണ്യമായി വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബങ്ങളോടുള്ള പെരുമാറ്റം ചിലപ്പോൾ മോശമായേക്കാം, ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുകയും ചെയ്യും. ദമ്പതികൾക്ക് വിനോദയാത്ര പോകാൻ അവസരം ലഭിക്കും. ബിസിനസുകാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. വിദ്യാർത്ഥികൾ ആരോഗ്യം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ദിവസവും 108 തവണ ഓം വചത്ഭുവേ നമഃ ജപിക്കുന്നത് ഉത്തമമാണ്.

മകരക്കൂറ് (ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2, 3)

മകരക്കൂറുകാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടാൻ സാധ്യതയുണ്ട്. നിക്ഷേപം സംബന്ധിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അപ്രതീക്ഷിതമായി പണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുദ്ധിയും സ്വാധീനവും ഉപയോഗിക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾ പരിഹരിക്കാനും സാധിക്കും. ശമ്പള വർദ്ധനവിന് സാധ്യത വർദ്ധിക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കാനും സാധ്യതയുണ്ട്. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കുന്നത് നല്ലതാണ്.

കുംഭക്കൂറ് (അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി)

കുംഭക്കൂറുകാർക്ക് സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. ചെലവ് നിയന്ത്രിക്കുന്നതിൽ കുടുംബാംഗങ്ങളിൽ നിന്ന് ഉപദേശം തേടുന്നത് ഗുണം ചെയ്യും. മുതിർന്നവരുടെ ഉപദേശങ്ങളും അനുഭവങ്ങളും ധനസ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകും. പരുഷമായ പെരുമാറ്റം കാരണം ഒരു ഉറ്റ ചങ്ങാതിയുമായി വേർപിരിയാൻ സാധ്യതയുണ്ട്. തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ജോലിയോടുള്ള വലിയ അഭിനിവേശവും സമർപ്പണവും ഗുണം ചെയ്യും. പ്രശസ്തിയും വരുമാനവും വർദ്ധിക്കാൻ സാധ്യതയുണ്ട്. നിത്യവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുന്നത് ഉത്തമമാണ്.

മീനക്കൂറ് (പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഏത് പ്രതികൂല സാഹചര്യത്തിലും സംയമനവും ധൈര്യവും ആത്മവിശ്വാസവും കൈവിടരുത്. സഹപ്രവർത്തകരുടെ എതിർപ്പുകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും. സ്ത്രീകൾ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വിദേശത്ത് നല്ല തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കും. മക്കൾ കാരണം സന്തോഷാനുഭവങ്ങൾ ഉണ്ടാകും. യാത്രകൾ ഒഴിവാക്കാൻ സാധിക്കും. ഒരു പ്രശ്നത്തിനും കുറുക്കുവഴികൾ ശരിയായ പരിഹാരമല്ല എന്ന് മനസ്സിലാക്കും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്താൻ അവസരം ലഭിക്കും. ദിവസവും ലിംഗാഷ്ടകം ജപിക്കുന്നത് ഉത്തമമാണ്.


ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: +91 9847575559

Previous post ശത്രുനാശത്തിനും ആഗ്രഹ പൂർത്തീകരണത്തിനും വാരാഹി ആരാധന: ഇങ്ങനെ ആകണം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 23, തിങ്കൾ) എങ്ങനെ എന്നറിയാം