12 മാസം സര്‍പ്പപൂജ ചെയ്താൽ രാഹുദോഷം മാറിക്കിട്ടും
രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല.
ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ ജാതകത്തില്‍ വൃശ്ചികരാശിയില്‍ രാഹു നില്‍ക്കുന്നവർ ചിങ്ങം, ധനു, മീനം, കര്‍ക്കടകം രാശികളില്‍ നില്‍ക്കുന്ന രാഹു ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, വ്യാഴം ഇവയോട് യോഗം ചെയ്ത രാഹു, 8, 6, 5 ലഗ്നം 12 ഭാവങ്ങളില്‍ നില്‍ക്കുന്ന രാഹു, 6, 8, 12 ഭാവാധിപന്മാരുമായുള്ള രാഹുയോഗം ഗോചരാല്‍ ജന്മനക്ഷത്രം, 3, 5, 7 നക്ഷത്രങ്ങളിലെ രാഹു സഞ്ചാരം ഇവയാണ് പ്രധാന രാഹു ദോഷങ്ങള്‍.
നാഗക്ഷേത്രദര്‍ശനം, തറവാട്ടുവക കാവുകളെ സംരക്ഷിക്കല്‍, ആയില്യപൂജ തുടങ്ങിയവ മുടങ്ങാതെ വിധിപ്രകാരം നടത്തണം. സര്‍പ്പബലി, സര്‍പ്പപ്പാട്ട് തുടങ്ങിയവയും നടത്തണം. കുടുംബ ക്ഷേത്രവും കാവും ഇല്ലാത്തവര്‍ വീട്ടില്‍ പൂജാരിയെക്കൊണ്ട് പത്മമിട്ട് സര്‍പ്പപൂജ നടത്തി നൂറുംപാലും കഴിപ്പിക്കുന്നത് നല്ലതാണ്.
ഇവർ വാസുകിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ തൊഴുത് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കണം.
മിഥുനം, കന്നി, ധനു, മീനം രാശികളില്‍ രാഹു നില്‍ക്കുന്നവര്‍ വൈഷ്ണവമൂര്‍ത്തിയായ അനന്തനെ പ്രതിഷ്ഠിച്ചിട്ടുളള ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തേണ്ടത്.
ഇടവം, കര്‍ക്കടകം, തുലാം, വൃശ്ചികം രാശികളില്‍ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്ക് നാഗയക്ഷിയെ പ്രീതിപ്പെടുത്തണം.
രാഹു ലഗ്നത്തില്‍നില്‍ക്കുന്നവര്‍ പാല്‍, ഇളനീര്‍, തുടങ്ങിയവ കൊണ്ട് നാഗരാജാവിനോ നാഗയക്ഷിക്കോ അഭിഷേകം നടത്തണം. ഇതിലൂടെ ത്വക്ക് രോഗങ്ങൾ ശമിക്കും. രോഹിണി, അത്തം, തിരുവോണം, ഭരണി,പൂരം, പൂരാടം, ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ രാഹുദശയില്‍ വിധിപ്രകാരം സര്‍പ്പപ്രീതി വരുത്തണം. തിരുവാതിര, ചോതി, ചതയം, നക്ഷത്രങ്ങളുടെ അധിപന്‍ രാഹുവായതിനാല്‍ ഇവര്‍ എന്നും സര്‍പ്പങ്ങളെ ആരാധിക്കണം.
രാഹുദോഷശാന്തിക്ക് ആയില്യം നാളിലോ ജന്മനക്ഷത്ര ദിവസമോ ഞായറാഴ്ചകളിലോ സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തണം. മാസത്തില്‍ ഒരു തവണ ആയില്യപൂജ നടത്തണം; ആയില്യ വ്രതമെടുക്കണം. ജാതകത്തില്‍ ആറിലോ, എട്ടിലോ പത്തിലോ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്ക് സര്‍പ്പബലിയും പന്ത്രണ്ടിലെ രാഹുവിന്റെ പ്രീതിക്ക് സര്‍പ്പപ്പാട്ടും, ഏഴില്‍ നില്‍ക്കുന്ന രാഹുവിന്റെ പ്രീതിക്ക് സര്‍പ്പപ്പാട്ടും തുള്ളലും നടത്തണം. നാലില്‍ നില്‍ക്കുന്ന രാഹുവിനെ പ്രീതിപ്പെടുത്താന്‍ സര്‍പ്പപ്രതിമ സമര്‍പ്പിക്കണം. 12 മാസം തുടര്‍ച്ചയായി നൂറും പാലും സര്‍പ്പബലി തുടങ്ങിയ വഴിപാട് നടത്തിയാല്‍ കടുത്ത നാഗദോഷം പോലും നിശ്ചിത കാലത്തേക്ക് മാറിക്കിട്ടും.