ദിവസ വ്രതങ്ങളുടെ പ്രത്യേകതകളും അനുഷ്ടിക്കേണ്ട രീതിയും ഗുണങ്ങളും എന്തൊക്കെ എന്നറിയാം
ഞായറാഴ്ച വ്രതം
ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം നോൽക്കുന്നത്. എന്നാൽ സൂര്യന്‍ ഗ്രഹനായകനായതു കൊണ്ട് വീട്ടമ്മമാർ ഭർത്താക്കന്മാർക്കും കുടുംബത്തിനും ഐശ്വര്യം. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്.
ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കുക. ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാന്‍ പാടില്ല എന്നു വിധിയുണ്ട്.
ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം കൂടുതല്‍ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.
തിങ്കളാഴ്ചവ്രതം
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.
ചൊവ്വാഴ്ച വ്രതം
ദേവീപ്രീതിക്കായി നടത്തുന്ന വ്രതമാണ്. ജാതകത്തിൽ ചൊവ്വാ ദോഷമുളളവർ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം എന്നാണ് പറയുന്നത്. ചൊവ്വ, വെളളി ദിവസങ്ങളിൽ വ്രതമെടുക്കുന്നവർ ലളിതാസഹസ്രനാമം ജപിക്കുന്നതും ദേവിക്ക് രക്തപുഷ്പാഞ്ജലി കഴിക്കുന്നതും ശ്രേഷ്ഠമായി കരുതുന്നു.
ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുക, ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.
വ്രതദിവസം സന്ധ്യകഴിഞ്ഞ് ഉപ്പു ചേര്‍ന്ന ആഹാരം കഴിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.
ബുധനാഴ്ച വ്രതം
വിദ്യാലാഭ സിദ്ധിക്ക് ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമായി പറയുന്നു. ബുധഗ്രഹത്തിനാണ് ഈ വ്രതനാളിൽ പ്രാധാന്യം. ബുധപൂജ ചെയ്യുന്നതും ഐശ്വര്യപ്രദമാണ്. കൂടാതെ ദാനധർമ്മങ്ങൾക്കും വിശേഷപ്പെട്ട ദിവസമാണ്. ബുധദശാകാലമുള്ളവര്‍ ബുധനാഴ്ച തോറും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധികളും ഉപവാസവും അനുഷ്ഠിക്കുക വ്രതദിവസം പച്ചനിറമുള്ള പൂക്കള്‍കൊണ്ട് ബുധനെ പൂജിക്കുക, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുക എന്നിവയും അനുഷ്ഠിക്കേണ്ടതാണ്.
വ്യാഴാഴ്ച വ്രതം
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. വ്യാഴം ദശാകാലമുളളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ശ്രേയസ്സിനു കാരണമാകുന്നു. വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കു ന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്. ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു.
വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപ്പൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിക്കേണ്ടതാണ്. തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍.
ALSO WATCH THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
വെള്ളിയാഴ്ച വ്രതം
അന്നപൂർണേശ്വരി, മഹാലക്ഷ്മി എന്നിവർക്കായിട്ടാണ് വെളളിയാഴ്ച വ്രതം കൂടുതലായി എടുക്കുന്നത്. മംഗല്യസിദ്ധിക്കും ധനധാന്യസമ്പൽ സമൃദ്ധി ക്കുമാണ് സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കേണ്ടത്. സ്ത്രീകൾ ഈ ദിവസം ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അത്യുത്തമമാണ്. പന്ത്രണ്ട് വെളളിയാഴ്ച ദേവിക്ക് സ്വയംവരാർച്ചന നടത്തുന്നതു മംഗല്യസിദ്ധിയുണ്ടാകാൻ ഉത്തമമാണ്. ശുക്ര ദശാകാലം ഉളളവര്‍ വെളളിയാഴ്ച വ്രതം അനുഷ്ഠിക്കണം. ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതമനുഷ്ഠിക്കേണ്ടത്.
പൊതുവായ ഐശ്വര്യത്തിനും ദശാകാലപരിഗണനകളില്ലാതെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്. സാമാന്യ വ്രതവിധികളും ഉപവാസവും പാലിക്കുക. ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുക എന്നിവയാണ് വ്രതദിവസം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മംഗല്യസിദ്ധി, ധനാധാന്യസമൃദ്ധി എന്നിവ പ്രദാനം ചെയ്യാന്‍ കഴിയുന്ന വ്രതമാണ് ഇത്.
ശനിയാഴ്ച വ്രതം
ശനി മാറാൻ ശനിയാഴ്ച വ്രതം നോൽക്കണം. ശനിദശാകാലമുളളവർ മുഖ്യമായും ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതായി പറയപ്പെടുന്നു. ശാസ്താവിനും ശനിദേവനുമാണ് ഈ വ്രതം സമർപ്പിക്കുന്നത്. ശാസ്ത്രാക്ഷേത്രങ്ങളിൽ എളളുതിരി കത്തിക്കുന്നതും നീരാഞ്ജനം നടത്തുന്നതും ഉത്തമമാണ്. ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവയുടെ ദോഷങ്ങളകറ്റുന്നതിന് ഏറ്റവും ഫലപ്രദമായ വ്രതം. ഈ ദോഷകാലങ്ങളില്‍ മുഴുവനും ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
സാമാന്യവ്രതവിധി, ഉപവാസം അതിനു കഴിയാത്തവര്‍ ഒരുക്കലൂണ് എന്നിവ പാലിക്കണം. ശനീശ്വരകീര്‍ത്തങ്ങള്‍, ശാസ്തൃകീര്‍ത്തനങ്ങള്‍ എന്നിവ ജപിക്കുകയും ശാസ്ത്രാക്ഷേത്രദര്‍ശനം നടത്തി നീരാജനം തുടങ്ങിയ വഴി പാടുകള്‍ നടത്തുകയും കറുത്ത വസ്ത്രധാരണം, ശനീശ്വരപൂജ എന്നിവയും നടത്തുന്നത് ഉത്തമമാണ്. ശനിദോഷമുള്ളവര്‍ ശനിയാഴ്ച ദിവസം എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?