സമ്പൂർണ വിഷുഫലം: 2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 13 വരെ (1198 മേടം 1 മുതൽ 1199 മീനം 31 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യശ്രദ്ധ വേണം. ഉദ്യോഗസ്ഥർ താക്കീത് വരാതെ സൂക്ഷിക്കുക. അപ്രതീക്ഷിത സുഖാനുഭവങ്ങൾ. ജോലി കിട്ടും. പരീക്ഷാജയം, ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾ വരുത്തരുത്. ബിസിനസ്സിൽ പുതിയ കാൽവയ്പ്പ് നടത്തും. മാനസികമായി കരുത്ത് ആർജ്ജിക്കണം. പ്രണയബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമുണ്ടാകും. ശത്രുജയം, ആരോഗ്യകാര്യങ്ങൾക്ക് ധനവ്യയം. രഹസ്യഇടപാടുകളിൽ ശ്രദ്ധ വേണം. ശത്രുജയം. ബന്ധുക്കളുമായി പിണേങ്ങണ്ട സാഹചര്യം ഒഴിവാക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മനഃസമാധാനം ഉണ്ടാവും. അപകടസാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം. വിഷ്ണുപ്രീതി, സർപ്പദേവതയ്ക്ക് അഭിഷേകം, ഗണപതിഹോമം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക് കടബാധ്യതകൾ കുറയും. യാത്രകൾ ഗുണകരമല്ല. ശരീരക്ലേശം വരാതെ സൂക്ഷിക്കുക. ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യത. ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. പുതിയ സൗഹൃദങ്ങൾ ഗുണകരം. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. വ്യാപാര- വ്യവസായ രംഗങ്ങളിലുള്ളവർക്ക് പുരോഗതി. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാവും. ഉടമ്പടി വ്യവസ്ഥയിൽ ചെയ്യുന്ന ചില പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം. ആഭരണലബ്ധി, അർത്ഥലാഭം, ഭക്ഷണ- ഭോഗസുഖം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാവും. ചാമുണ്ഡി, അയ്യപ്പൻ, ഹനുമാൻ എന്നീ ദേവതാപ്രീതി വേണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗത്തിൽ പ്രമോഷൻ. അപ്രതീക്ഷിത ധനലാഭം, സുഹൃത്തുക്കളുടെ സഹായം വഴി പ്രശ്‌നങ്ങൾക്ക് പരിഹാരം വരും. കുടുംബത്തിൽ ക്ലേശാനുഭവം വരാനുള്ള സാഹചര്യം ഒഴിവാക്കുക. വിവാഹയോഗം. ലോട്ടറിവഴി ഭാഗ്യം വന്നുചേരും. മറ്റുള്ളവരുടെ പ്രേരണയും പ്രോത്സാഹനവും കൊണ്ട് വിജയം നേടും. വാക്കിൽ നിയന്ത്രണം ആവശ്യമാണ്. ചില ഭാഗ്യാനുഭവങ്ങൾ അനുഭവയോഗ്യമാവില്ല. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം, അപകീർത്തിക്ക് ഇടവരുത്തണമെന്നതിനാൽ ശ്രദ്ധിക്കണം. ഗുരുജനങ്ങളുടെ അപ്രിയത്തിന് സാദ്ധ്യതാകാലമാകയാൽ പ്രത്യേകം ശ്രദ്ധിക്കുക. വിശിഷ്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കുക. യാത്രയിൽ മറവി വരരുത്. അപകടസാദ്ധ്യതയുള്ള ജോലികളിൽ ജാഗ്രത പുലർത്തുക. ഗണപതി, ദേവീപ്രീതി വേണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനനേട്ടം, കടങ്ങൾ മാറിവരും. ശത്രുക്കളെ നിരീക്ഷിക്കുക. ഊഹക്കച്ചവടവിജയം, എല്ലാ കാര്യങ്ങളിലും തടസ്സം വരുമെങ്കിലും ദൈവാധീനത്താൽ വിജയിക്കും. മംഗളകർമ്മങ്ങൾ നടക്കാനുള്ള സാഹചര്യം. പുതിയ ബന്ധങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ അഭിവൃദ്ധി. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി വിവാഹതടസ്സം വർദ്ധിക്കും. സൽസന്താനഭാഗ്യവും ഉണ്ടാവും. പൊതുപ്രവർത്തനരംഗത്ത് ശോഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരമുണ്ടാക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. എങ്കിലും ചില പ്രശ്‌നങ്ങൾ അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടി വരും. ആരോഗ്യശ്രദ്ധ വേണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവജാഗ്രത. യാത്രകളിൽ അശ്രദ്ധ പാടില്ല. ഹനുമാൻ, ഗണപതി, സർപ്പദേവതാപ്രീതി അനിവാര്യം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബന്ധുസഹായം ലഭിക്കും. വാക്കിലും പ്രവൃത്തിയിലും സംയമനം വേണം. സമയം അത്ര നന്നല്ല. ധന ഇടപാടില നല്ല ജാഗ്രത വേണം. ജാമ്യം, മധ്യസ്ഥത, വഴക്ക് അന്യരെ സഹായിക്കൽ ഒഴിവാക്കുക. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആലോചിക്കാതെ ചെയ്തുപോയ ചില കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് അനുമോദനം. പുതിയ സൗഹൃദങ്ങൾ വഴി ദോഷാനുഭവങ്ങൾ ഉണ്ടാകാം. ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം. കഠിനാധ്വാനം ചെയ്യണം. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അയ്യപ്പൻ, ഹനുമാൻ, വിഷ്ണുവിന്റെ അവതാരമൂർത്തികൾ, ശനീശ്വരൻ, ഗണപതി എന്നീ ദേവതാപ്രീതി വേണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. സന്താനങ്ങളെ നന്നായി നിരീക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് സമയം അനുകൂലം. വിവാഹം നടക്കും. അപ്രതീക്ഷിത ദാമ്പത്യസുഖം, സ്ഥാനലാഭം, ഗൃഹസുഖം എന്നിവ അനുഭവത്തിൽ വരും. അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കുന്നത് സൂക്ഷിക്കണം. പ്രണയത്തിൽ ചതി വരാതെ ജാഗ്രത. വിവാഹബന്ധം വേർപെട്ട് കഴിയുന്ന യുവതീയുവാക്കൾക്ക് അപ്രതീക്ഷിതമായി പുതിയ പങ്കാളികൾ വന്നുചേരും. കച്ചവടത്തിൽ ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ബിസിനസ്സ് മെച്ചപ്പെടും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. വിദേശവാസത്തിന് യോഗം വരും. ഗണപതി, സർപ്പദൈവങ്ങൾ എന്നിവരെ പ്രീതിപ്പെടുത്തുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിൽ സ്വസ്ഥത വീണ്ടെടുക്കും. ചിരകാല സ്വപ്നപദ്ധതികൾ ആരംഭിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രശ്‌നങ്ങൾ ഒഴിവാകും. കള്ളന്മാരിൽ നിന്നുള്ള ശല്യം ഉണ്ടാകാതെ സൂക്ഷിക്കുക. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും. രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അസന്തുഷ്ടി മാറും. ഈശ്വരപ്രാർത്ഥനയിലൂടെ ദൈവാധീനം വർദ്ധിപ്പിക്കുക. വിട്ടുവീഴ്ചകളിലൂടെ നഷ്ടപ്പെട്ട സമാധാനം വീണ്ടെടുക്കുക. ഇൻഷ്വറൻസ് സ്ഥാപനങ്ങളിൽ നിന്നും സഹായത്തിന് സാദ്ധ്യത. ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കടബാധ്യതകൾക്ക് സാധ്യത. ശരീരത്തിൽ മുറിവുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. വിഷ്ണുവിന്റെ അവതാരമൂർത്തികൾ, സർപ്പദേവത, ഗണപതി, ദേവി എന്നീ ദേവതാപ്രീതി വേണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഡംബരവസ്തുക്കൾ കൈവരും. രഹസ്യ ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും പിണക്കാതെ സൂക്ഷിക്കുക. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക. പുതിയ സൗഹൃദങ്ങൾ സൂക്ഷിച്ച് മതി. സാമ്പത്തിക അഭിവൃദ്ധി കൈവരും. സന്താനങ്ങൾക്ക് ഉയർച്ച. മംഗല്യഭാഗ്യം. പ്രണയബന്ധം കൂടുതൽ മെച്ചപ്പെടും. പേരുദോഷം വരാതെ ജാഗ്രത പുലർത്തുക. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും. കലാ-സാഹിത്യകാർക്ക് മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ശനീശ്വരൻ, സർപ്പദേവത, ഗണപതി എന്നിവരുടെ പ്രീതി നിർബന്ധം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശത്രുജയം, കോടതി ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. കടബാധ്യതകളിൽ പെടാതിരിക്കാൻ സൂക്ഷിക്കണം. അകന്നുനിൽക്കുന്ന ബന്ധുക്കൾ അടുക്കുന്നത് സൂക്ഷിക്കണം. ആരോഗ്യശ്രദ്ധ വേണം. വാക്‌സാമർത്ഥ്യത്തിൽ കാര്യലാഭം. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമാവില്ല. സ്ത്രീകളിൽ നിന്നും അപവാദങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദൈവികകാര്യങ്ങൾ ഏറ്റെടുത്തുനടത്തും. പുതിയ സൗഹൃദങ്ങൾ വഴി മനസ്വസ്ഥത കണ്ടുതുടങ്ങും. ചെലവുകൾ നിയന്ത്രിക്കണം. അന്യരുടെ കാര്യങ്ങളിൽ അധികം ഇടപെട്ട് പഴികേൾക്കരുത്. വ്യാഴപ്രീതികരമായ കാര്യങ്ങളും സർപ്പദേവതാ പ്രീതിയും നിർബന്ധം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മ:നക്ലേശത്തിന് സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് ഒഴിയുക. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർക്ക് വിശ്വസ്തരിൽ നിന്ന് ചതിവരാതെ സൂക്ഷിക്കുക. ജാമ്യം, മധ്യസ്ഥത, കോടതി കാര്യങ്ങൾ വഴക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക. ധനം നൽകേണ്ടവർ കയ്യൊഴിയും. എല്ലാ കാര്യങ്ങളും വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. കർമ്മസ്ഥാനചലനവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഇഷ്ടക്കേടും ബുദ്ധിപൂർവ്വം തരണം ചെയ്യുക. ക്രമേണ കാര്യങ്ങൾ നല്ല രീതിയിലാവും. ത്വക്ക്‌രോഗം, അലർജി, ആസ്ത്മയുള്ളവർ വളരെ ശ്രദ്ധിക്കുക. പ്രതീക്ഷിത രോഗപീഡകൾ ബുദ്ധിമുട്ടിച്ചേക്കാം. ശനീശ്വരൻ, ശാസ്താവ്, ഹനുമാൻസ്വാമി, ഗണപതി എന്നീ ദേവതാപ്രീതി ഗുണകരം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സമൂഹത്തിൽ ആദരിക്കപ്പെടുന്ന അകന്നിരുന്ന സുഹൃത്തുക്കൾ തേടി വരും. ധനപരമായി പുരോഗതി. ഏഴരശനി കാലമാണെന്ന കാര്യം മറക്കാതിരിക്കുക. ആരോഗ്യശ്രദ്ധ വേണം. കച്ചവടത്തിൽ അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ഭൂമി- ദൈവിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. ഭൂമി വാങ്ങാൻ കഴിയും. ആഡംബര വസ്തുക്കൾ ലഭിക്കും. വിദേശയാത്രയ്ക്കുള്ള കാര്യങ്ങൾ പുരോഗമിക്കും. വിവാഹാന്വേഷകർക്ക് ഗുണാനുഭവ കാലമാണ്. പുതിയ ഗൃഹമോ വാഹനമോ വാങ്ങാനിടയുണ്ട്. വീട്ടിൽ ധാരാളം അതിഥികൾ വരാനിടവരും. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, സർക്കാർ സഹായം ലഭിക്കും. അകന്നിരുന്നവർ അടുത്തുവരും. യാത്രകൾ ഗുണകരം. വാക്കുകളിൽ നിയന്ത്രണം വേണം. ജീവിതത്തിൽ ഒരുപാട് മാറ്റം വരും. ഈ കൂറുകാർക്ക് വഴിത്തിരിവിന്റെ കാലമാണ്. ഗണപതിപ്രീതി, ശനിയാഴ്ച വ്രതം, ശാസ്താപ്രീതി, ഹനുമാൻപ്രീതി ഇവ ഗുണകരം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകന്നിരുന്ന ബന്ധുക്കൾ അടുത്തുവരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളെക്കൊണ്ട് ദുഃഖം വരാതെ സൂക്ഷിക്കുക. സമയം നന്നല്ല. കോടതി- പോലീസ് ഇടപാടുകളിൽ നിന്ന് മാറി നിൽക്കുക. പ്രശ്‌നങ്ങൾ രമ്യമായി ഒത്തുതീർപ്പാക്കുക. ജാമ്യം, മധ്യസ്ഥത, മറ്റുള്ളവരെ സഹായിക്കൽ ഇവ ഒഴിവാക്കുക. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടരുത്. ധൂർത്ത് ഒഴിവാക്കുക. ക്ഷമയോടെ പ്രവർത്തിക്കണം. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുക. ആരോഗ്യശ്രദ്ധ വേണം. കൂടുതൽ ആത്മവിശ്വാസവും കരുത്തും ആർജ്ജിക്കാനായി ഈശ്വരനെ ആശ്രയിക്കുക. ഒപ്പം നിൽക്കുന്നവരിൽ നിന്ന് വഞ്ചനയിൽപ്പെടരുത.് വാഹനകാര്യങ്ങളിലും യാത്രയിലും വളരെ ജാഗ്രത പുലർത്തുക. ധനപരമായി ചതി വരാതെ സൂക്ഷിക്കുക. വിഷ്ണുവിന്റെ അവതാരമൂർത്തികൾ, ശനീശ്വരൻ, ഗണപതി, സർപ്പദേവത എന്നീ പ്രീതി നിർബന്ധം, വിദേശയോഗം, ദുർഭാഷണത്തിലൂടെ അവസരം നഷ്ടം, പൊതുപ്രവർത്തകർക്ക് വർഷപകുതി കഴിയുമ്പോൾ പദവികൾ.
ജ്യോതിഷാചാര്യൻ രാം ലോകനാഥൻ,
കെ.പി. ജ്യോതിഷപഠനകേന്ദ്രം, നെയ്യാറ്റിൻകര, തിരുവനന്തപുരം