സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ആഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഈ ജാതകം 2025 ഓഗസ്റ്റ് മാസത്തിലെ പൊതുവായ ഫലങ്ങളെക്കുറിച്ചാണ് പറയുന്നത്. വ്യക്തിപരമായ ജാതകവും കൂടെ പരിഗണിച്ചുകൊണ്ട് ഫലങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നത് വിജയങ്ങൾക്ക് വഴിയൊരുക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഉദരരോഗങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ശത്രുശല്യം കൂടാനും അനാവശ്യ യാത്രകൾ ചെയ്യേണ്ടി വരാനും സാധ്യതയുണ്ട്. യാത്രകൾ കഴിവതും കുറയ്ക്കുക. ആഡംബര വസ്തുക്കൾക്കായി പണം ധൂർത്തടിക്കാതെ ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ നല്ല അനുഭവങ്ങൾ കൊണ്ടുവരും. അനാരോഗ്യം കാരണം ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വരും. സ്ഥാനചലനത്തിന് സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കുക. മനക്കരുത്തോടെ പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. ഈശ്വര പ്രാർത്ഥനകൾ മുടക്കാതെ ചെയ്യുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരും. പ്രവർത്തന മേഖല വികസിപ്പിക്കാൻ നിർബന്ധിതനാകും. അത്യാവശ്യ ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രണയബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏത് വിഷയത്തെയും സമചിത്തതയോടെ നേരിടാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. ജോലിഭാരം വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. മക്കളുടെ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. മുതിർന്നവരുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവത്തോടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
നീതികേടുകൾ കാണുമ്പോൾ പ്രതികരിക്കാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ഈശ്വരാധീനം ഉണ്ടാകും. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വിവാഹം പോലുള്ള കാര്യങ്ങളിൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് വരുമാനം വർധിക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടും. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം യാത്രകൾക്ക് സമയം കണ്ടെത്തും. ഈശ്വര ചിന്ത വർധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും. മേലധികാരികളുടെ സഹായം ലഭിക്കും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ എടുക്കും. ആരാധനാലയങ്ങൾ സന്ദർശിക്കാനും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാനും സാധ്യതയുണ്ട്. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മക്കളുടെ ഉയർച്ചയിൽ സന്തോഷിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. കുടുംബ ക്ഷേത്രത്തിലെ പൂജകളിലും മറ്റും പങ്കെടുക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയക്കാർക്ക് ആസൂത്രണ മികവ് കൊണ്ട് പ്രശംസ ലഭിക്കും. ആശയവിനിമയത്തിൽ പിഴവുകൾ വരാതെ ശ്രദ്ധിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും, എന്നാൽ ശുഭാപ്തിവിശ്വാസം കൈവിടരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണിത്. ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം. തടസ്സങ്ങളെ അതിജീവിക്കാൻ ആവശ്യമായ കരുത്ത് നേടിയെടുക്കാൻ ശ്രമിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്. പകർച്ചവ്യാധികൾ വരാതെ നോക്കണം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ജീവിതപങ്കാളിയുടെ സമീപനം സഹായകമാകും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താനും വഴിപാടുകൾ പൂർത്തിയാക്കാനും സാധ്യതയുണ്ട്. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്. യാത്രകൾ ശ്രദ്ധയോടെ ചെയ്യുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. ചില സുഹൃത്ബന്ധങ്ങൾ ശരിയായതല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻവാങ്ങും. നയപരമായ തീരുമാനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ നേടും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വീഴ്ചകളും ചതവുകളും വരാതെ സൂക്ഷിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. വർധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. നേട്ടങ്ങൾ കൈവരിക്കാൻ അല്പം കാലതാമസം ഉണ്ടാകാമെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ദേവാലയങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.
ജ്യോതിഷി പ്രഭാസീന സി.പി | ഫോ: 9961442256
Email ID: prabhaseenacp@gmail.com