സമ്പൂർണ മാസഫലം: 1201 മിഥുനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്താൻ സാധ്യതയുള്ള മാസമാണിത്. സമൂഹത്തിലോ ജോലിസ്ഥലത്തോ ചില ദുഷ്പേരുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ദോഷശമനത്തിനായി ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ജോലിയിൽ വിരസത വരാതെ നോക്കേണ്ടതുണ്ട്. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ ഏതെങ്കിലും ഒരു ഭാഗം ചേരാതെ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി പണം ചെലവാക്കേണ്ടതായി വരും. മാനസീക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി സമയം കണ്ടെത്തുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് മേലധികാരികളുമായുള്ള നല്ല ബന്ധം വഴി തൊഴിൽരംഗത്ത് പലവിധ ഉയർച്ചകളും അനുകൂല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. കുടുംബത്തിൽ പൊതുവെ സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം അനുഭവപ്പെടും. തടസ്സപ്പെട്ടു കിടന്നിരുന്ന ഗൃഹനിർമ്മാണം വേഗത്തിൽ പുരോഗമിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ മാസം അനുകൂലമായ മറുപടികൾ പ്രതീക്ഷിക്കാം. തീർത്ഥാടനത്തിലും ക്ഷേത്രകാര്യങ്ങളിലും മനസ്സ് കൂടുതൽ വ്യാപരിക്കും. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് വളരെ ശോഭനമായ ഭാവിയാണ് ഈ മാസം കാണുന്നത്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി)
കുംഭക്കൂറുകാർക്ക് സ്വന്തം ശ്രദ്ധക്കുറവ് മൂലം ധനനഷ്ടം വരാൻ വലിയ ഇടയുണ്ട്, അതിനാൽ പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. നിങ്ങളെ അഭയം തേടി വരുന്നവർക്ക് ആശ്വാസവും ആശ്രയവും നൽകാൻ സാധിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ (വിവാഹം, നൂലുകെട്ട് തുടങ്ങിയവ) നടക്കാനുള്ള യോഗം കാണുന്നുണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വലിയ തുക ധനം ചെലവു ചെയ്യേണ്ടതായി വരും. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും എടുത്തുചാട്ടം ഒഴിവാക്കി ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമമായിരിക്കും. കുടുംബകാര്യങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് ഈ മാസം ഉദ്യോഗത്തിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതാണ്. അതിനാൽ തനിക്കുണ്ടാകുന്ന മടിയും അലസതയും പൂർണ്ണമായും ഒഴിവാക്കണം. ധനമിടപാടുകളിലും പ്രവർത്തന മേഖലയിലും സൂക്ഷ്മമായ ഇടപെടലുകൾ നടത്താൻ ശ്രദ്ധിക്കുക. ചില അപരിചിത വ്യക്തികളുടെ ഇടപെടലുകൾ വഴി കുടുംബകലഹത്തിന് സാധ്യതയുണ്ട്. ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചുവെച്ച് ചെയ്യുന്ന പ്രവണത നിങ്ങളെ അപകടത്തിലാക്കും. ആരോഗ്യം മോശമാകാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256 | Email ID: prabhaseenacp@gmail.com