സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 2023 ആഗസ്റ്റ് 1 മുതൽ 15 വരെ (1198 കർക്കിടകം 16 മുതൽ 30 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഖകാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ഗവൺമെന്റുമായി ബന്ധപ്പെട്ട് കോൺട്രാക്ട് ജോലികൾ ലഭിക്കാനിടയുണ്ട്. ശത്രുഭയം ഉണ്ടാകും. പലവിധ രോഗാരിഷ്ടതകൾക്കും ഇടയുണ്ട്. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹം മക്കളിലേയ്ക്കും വ്യാപിക്കാനിടയുണ്ട്. സ്ഥാനചലനങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. ധനനഷ്ടങ്ങൾക്കും ഇടയുണ്ട്. സന്ദർഭത്തിനനുസരിച്ച് ഒന്നും ചെയ്യാൻ പറ്റാതെ ബുദ്ധിമുട്ടും. എപ്പോഴും കലഹവാസനയായിരിക്കും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. തൊഴിൽരംഗത്തുനിന്ന് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം. മനസ്സിന് സ്വസ്ഥത കുറയും. തർക്കവിഷയങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ജോലി ലഭിക്കുന്നതിനായി പണം മുടക്കരുത്. ദൂരയാത്രകൾ വേണ്ടിവരും. തൊഴിൽ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. ആരോഗ്യം പൊതുവ തൃപ്തികരമാണെങ്കിലും ഉദരരോഗം, അർശ്ശോരോഗം, ഹൃദയബന്ധിയായ രോഗങ്ങൾ ഇവ ശ്രദ്ധിക്കണം. ധനസമൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവാക്കേണ്ടതായി വരും. പുതിയ ഗൃഹനിർമ്മാണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങാം. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങളുണ്ടാകും. ധനനഷ്ടങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽസ്ഥലങ്ങളിൽ കലഹം, അഗ്നിബാധ, യന്ത്രങ്ങൾ കേടാകുക തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്. അടുക്കളയിലും അപകടങ്ങൾ പ്രതീക്ഷിക്കാം. പ്രസവാനന്തരം ശുശ്രൂഷകൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. മനഃസ്വസ്ഥത കുറയും. ധനകാര്യ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ വരും. അച്ഛനോ, തത്തുല്യരായവർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. ബന്ധനാവസ്ഥയ്ക്ക് വരെ ഇടയുണ്ട്. ജോലിക്കാർക്ക് സ്ഥാനക്കയറ്റവും ആദരവും ലഭിക്കും. ധനലാഭം, നൂതന വസ്ത്രലഭ്യത ഇവയ്ക്ക് സാദ്ധ്യതയുണ്ട്. ശത്രുക്ഷയം ഉണ്ടാകുമെങ്കിലും സൂക്ഷിക്കണം. ഇഷ്ടകാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ഗവൺമെന്റിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ജപ്തി, പിഴ തുടങ്ങിയവയ്ക്ക് ഇടയുണ്ട്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. നേത്രരോഗം, ത്വക്കുരോഗം, നടുവുവേദന, കാൽമുട്ട് വേദന തുടങ്ങിയവയ്ക്ക് യുക്തമായ ഔഷധങ്ങൾ സേവിക്കണം. രക്തസമ്മർദ്ദത്തിന്റ അനിശ്ചിതാവസ്ഥയും ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശരീരക്ലേശങ്ങളുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. നാശനഷ്ടങ്ങൾ ഉണ്ടാകും. കാൽനടയായി ധാരാളം സഞ്ചരിക്കേണ്ടതായി വരും. കട്ടിൽ, കസേര, കിടക്ക തുടങ്ങിയവ വാങ്ങാൻ സാധിക്കും. അഗ്നിയുടേയും കള്ളന്മാരുടേയും ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. മനോവിചാരം കൂടുതലാകും. ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾക്കിടയുണ്ട്. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. വിദ്യാഭ്യാസത്തിനുള്ള തടസ്സക്ലേശങ്ങൾ മാറിക്കിട്ടും. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. മറ്റുള്ളവരുടെ ആദരവ് ലഭിക്കും. മരണതുല്യമായ അനുഭവങ്ങൾക്ക് സാദ്ധ്യതയുണ്ട്. ദൂരയാത്രകൾ കഴിയുന്നതും ഒഴിവാക്കണം. വാക്കുതർക്കങ്ങളിലിടപെടരുത്. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഫലം കുറയും. ശരീരത്തിന് ക്ഷതം സംഭവിക്കാനിടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലം പല അനർത്ഥങ്ങൾക്കും ഇടയുണ്ട്. യാത്രകൾ വേണ്ടിവരും. ധനനഷ്ടങ്ങൾക്കിടയുണ്ട്. മക്കൾക്ക് അഭിവൃദ്ധിയും സൗഖ്യവും ഉണ്ടാകും. ആജ്ഞാസിദ്ധിയും സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും സാദ്ധ്യമാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭ്യമാകും. ശയനസുഖവും നിദ്രാസുഖവും ലഭിക്കും. സഹായികളിൽ നിന്ന് അപവാദം കേൾക്കേണ്ടതായി വരും. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. വേർപിരിയാനുള്ള സാദ്ധ്യതകളുണ്ട്. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. സഹോദരങ്ങളുമായുള്ള കലഹങ്ങളും കൂടുതലാകും. അസമയത്തുള്ള ഭക്ഷണം ഒഴിവാക്കണം. ജലബന്ധിയായുള്ള രോഗങ്ങൾ, നീർക്കെട്ട്, കാൽമുട്ടുകൾക്ക് ബലക്ഷയം ഇവ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനനഷ്ടങ്ങൾക്കിടയുണ്ട്. ചെലവുകൾ കൂടുതലാകും. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. പ്രാർത്ഥനകൾക്ക് ഫലം കാണും. സന്താനലബ്ധിക്കായുള്ള ചികിത്സകൾക്ക് ഫലം കാണും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. യാത്രാതടസ്സങ്ങൾ ഉണ്ടാകും. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. ത്വക്ക്ബന്ധിയായ അസുഖങ്ങൾക്ക് യുക്തമായ ചികിത്സകൾ തേടണം. ധനസഹായം ലഭിക്കുന്നതിന് കാലതാമസം വരും. വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാം. മക്കളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം. തൊഴിൽരംഗം മോശമാകും. പുതിയ സംരംഭങ്ങളൊന്നും തുടങ്ങരുത്. തർക്കവിഷയങ്ങളിലൊന്നും ഇടപെടരുത്. ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാനിടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും പ്രാർത്ഥനകൾക്ക് ഫലം കാണും. എപ്പോഴും ഭയം ഉണ്ടായിരിക്കും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. പലവിധ സുഖാനുഭവങ്ങൾക്കും ഇടയുണ്ട്. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സാദ്ധ്യമാകും. നല്ല രീതിയിലുള്ള പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. മനസ്സ് സ്വസ്ഥമായിരിക്കില്ല. മക്കൾ അടുത്തില്ലാത്തതിന്റെ സങ്കടം എപ്പോഴും ഉണ്ടായിരിക്കും. ശരീരക്ഷീണം അനുഭവപ്പെടും. കാലുകൾക്ക് പൊട്ടലും ഒടിവും ചതവും മുറിവും ഉണ്ടാകാനിടയുണ്ട്. പ്രമേഹം, കൊളസ്‌ട്രോൾ ഇവ ശ്രദ്ധിക്കണം. മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകാനിടവരും. മദ്ധ്യസ്ഥ ചർച്ചകൾ വിജയിക്കും. കടമായി കൊടുത്ത സ്വർണ്ണം, പണം ഇവ അധികം താമസിയാതെ തിരികെ കിട്ടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചെലവുകൾ കൂടുമെങ്കിലും ധനാഗമങ്ങൾ ഉണ്ടാകും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വിവാഹാലോചനകൾ സഫലമാകും. വീട്ടിൽ സ്വസ്ഥത കുറയും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ഒരു കാര്യത്തിലും തൃപ്തി തോന്നുകയില്ല. അപമാനം ഏൽക്കേണ്ടതായി വരും. കലഹസ്വഭാവം ഉണ്ടാകും. മനോദുഃഖം കൂടുതലാകും. അവിചാരിതമായ ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. വീടിന്റെ കേടുപാടുകൾ തീർക്കാം. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. ത്വക്ക്ബന്ധിയായ അസുഖങ്ങൾ, കഴുത്തിന് മുകളിലുള്ള അംഗങ്ങളിലുളള അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിനുള്ള ക്ലേശങ്ങൾ മാറിക്കിട്ടും. പുതിയ തൊഴിലിനായി ശ്രമിക്കുന്നവർക്ക് ഫലം കാണും. അയൽക്കാരുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. ദൂരയാത്രകൾ ഒഴിവാക്കണം. തർക്കവിഷയങ്ങളിലിടപെടരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾക്കിടയുണ്ട്. മറ്റുള്ളവർക്ക് നമ്മളോടുള്ള വെറുപ്പ് കൂടുതലാകും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും, ചില വഞ്ചനകളിലും മറ്റും പെട്ട് ധനനഷ്ടങ്ങൾക്കിടയുണ്ട്. വാതബന്ധിയായ അസുഖങ്ങൾക്ക് യുക്തമായ ഔഷധങ്ങൾ സേവിക്കണം. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. സന്താനോൽപ്പാദനത്തിലുളള ചികിത്സകളിൽ അമാന്തം വിചാരിക്കരുത്. പുതിയ വീട് പണിയുകയോ വാങ്ങുകയോ ചെയ്യാം. പുറമെനിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ധനകാര്യങ്ങളിലേർപ്പെടാൻ സാധിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. നാൽക്കാലി വളർത്തൽ മെച്ചപ്പെടും. മറ്റുള്ളവരോട് മനസ്സിൽ തോന്നുന്ന വെറുപ്പ് കലശലാകും. തൊഴിൽരംഗം മെച്ചപ്പെടും. ഗർഭാശയരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, അർശോരോഗം ഇവയ്ക്ക് യുക്തമായ ചികിത്സ തേടണം. ഭാഗ്യാനുഭവങ്ങൾക്ക് ചെറിയ തടസ്സങ്ങൾ നേരിടും. പ്രധാനപ്പെട്ട ചില റിക്കാർഡുകൾ നഷ്ടപ്പെടാനിടയുണ്ട്. പുരാണ പാരായണം, കഥാശ്രവണം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധിക്കാനവസരം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല കാലമാണ്. ആരംഭഘട്ടത്തിൽ തടസ്സങ്ങൾ ഉണ്ടാകും. മനസ്സിന് സ്വസ്ഥത കുറയും. തൊഴിൽരംഗം അത്ര മെച്ചമല്ല. തൊഴിലുപേക്ഷിക്കാനുള്ള സാഹചര്യം വരെ ഉണ്ടാകും. വ്രണങ്ങൾ, അർശ്ശോരോഗം, ദന്തരോഗം, രക്തസമ്മർദ്ദം ഇവയ്ക്ക് യുക്തമായ ഔഷധം സേവിക്കണം. മനസ്സിന് ആഘാതം തട്ടുന്ന ചില സംഭവങ്ങൾ ഉണ്ടാകും. മാതാവിന് ക്ലേശാനുഭവങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് മടി കൂടുതലാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ അലസിപ്പിരിയും. അവിചാരിതമായ പണച്ചെലവുകൾ വന്നുകൂടും. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. അപകടങ്ങൾ, മരണതുല്യമായ ചില അവസ്ഥകൾ ഇവയുണ്ടാകാനിടയുണ്ട്. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും. സ്‌നേഹിതന്മാരുമായും കലഹത്തിനിടയുണ്ട്. മദ്ധ്യസ്ഥ ശ്രമങ്ങൾ, കേസുകാര്യങ്ങൾ ഇവ വിജയിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനപരമായ വഞ്ചനകളിൽപ്പെടും. പലവിധ ദുഃഖാനുഭവങ്ങളും ഉണ്ടാകും. നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങൾ പിന്നീട് വിനയായി തീരും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരരോഗം, നെഞ്ചിനകത്തെ പ്രയാസങ്ങൾ ഇവ ശ്രദ്ധിക്കണം. പൊതുവേ കലഹസ്വഭാവമായിരിക്കും. കാര്യതടസ്സങ്ങളുണ്ടാകും. സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കപ്പെടാനുള്ള സാദ്ധ്യതകളുണ്ട്. അന്യസ്ത്രീപുരുഷ ബന്ധങ്ങൾ സൂക്ഷിക്കണം. മക്കളുമായി കലഹങ്ങൾക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാവും. വിവാഹാലോചനകൾ അലസിപ്പിരിയും. കമിതാക്കൾ തമ്മിലും കലഹങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. കള്ളന്മാരുടെ ഉപദ്രവം ശ്രദ്ധിക്കണം. പക്ഷികളുടെ ഉപദ്രവങ്ങൾക്കിടയുണ്ട്. ബന്ധുജനങ്ങളുടെ സഹായസഹകരണങ്ങളുണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. അരുചികരമായ ഭക്ഷണങ്ങളുപേക്ഷിക്കണം. എല്ലാത്തിനോടും വിരസത തോന്നും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. കലഹഭയം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ചില വീട്ടുപകരണങ്ങൾ വാങ്ങാൻ പറ്റും. അർഹമായ സ്ഥാനക്കയറ്റവും ഉന്നതിയും ലഭിക്കും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. ആഗ്രഹിക്കുന്ന സുഖം ലഭ്യമാകും. പലവിധ രോഗാരിഷ്ടതകളുമുണ്ടാകും. ഗൃഹനിർമ്മാണത്തിലും മംഗളകർമ്മങ്ങളിലും ധനനഷ്ടങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്ത് കൂടുതൽ പണം മുടക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാം. നേത്രരോഗവും ഉദരബന്ധിയായ രോഗങ്ങളും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സുഹൃത്ബന്ധങ്ങൾ കൂടുതലാകും. സഹോദര സഹായങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് സ്ഥാനചലനവും പ്രതീക്ഷിക്കാം. തർക്കവിഷയങ്ങളിൽ വിജയം നേടും. മന:സ്വസ്ഥത കുറയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ബ്രിട്ടീസ്‌ സാമ്രാജ്യത്തെ വിറപ്പിച്ച, ഗാന്ധിജിയെപ്പോലും ചോദ്യം ചെയ്ത ഏക മലയാളി കോൺഗ്രസ്‌ പ്രസിഡന്റ്‌: മലയാളികൾ പോലും മറന്നു പോയ ചേറ്റൂർ ശങ്കരൻ നായർ | Ningalkkariyamo?

Previous post ഈ നാളുകാരാണോ? എങ്കിൽ ആഗസ്റ്റ്‌ മാസം അൽപം ശ്രദ്ധിക്കണം, കാര്യങ്ങൾ അത്ര നല്ലതല്ല
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം