കൊടുങ്ങല്ലൂർ ഭരണി: ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാം

തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന മീന ഭരണി വിശ്വാസികൾക്കിടയിലെ പ്രധാധാന ആഘോഷങ്ങളിലൊന്നാണ്. മീന ഭരണി നാളിലെ പ്രാർത്ഥനകൾക്കും പൂജകൾക്കും ഒരുപാട് ഫലങ്ങൾ നല്കുവാൻ കഴിയുമെന്നാണ് വിശ്വാസം. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിത വിജയം നേടുവാൻ കഴിയുമെന്ന വിശ്വാസവും മീനഭരണി ആഘോഷങ്ങൾക്ക് പിന്നിലുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഭരണി ആഘോഷങ്ങൾ നടക്കുന്നത് കൊടുങ്ങല്ലൂർ ശ്രീ കൂറുമ്പ ക്ഷേത്രത്തിലാണ്. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായി അറിയപ്പെടുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് പ്രാധാന്യം ഏറെയുണ്ട്.

കൊടുങ്ങല്ലൂർ ഭരണിയെക്കുറിച്ചും അവിടുത്തെ പ്രധാന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച്.

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നായ കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ കൊടുങ്ങല്ലൂരമ്മ എന്ന പേരിലാണ് ഭദ്രകാളിയെ ആരാധിക്കുന്നത്. കേരളത്തിൽ ഏറ്റവും ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ച ഇടം കൂടിയാണിത്. ശക്തിയെ ആരാധിക്കുന്നവരുടെ പ്രിയപ്പെട്ട രാധനാ കേന്ദ്രമെന്ന പ്രത്യേകതയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിനുണ്ട്.

കൊടുങ്ങല്ലൂർ ഭരണി
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് കൊടുങ്ങല്ലൂർ ഭരണി.
ശക്തിയെ അതിന്‍റെ ഏറ്റവും രൗദ്രതയിൽ കാണുവാൻ സാധിക്കുന്ന ഈ സമയം ക്ഷേത്രത്തിലെത്തുക എന്നതും ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നതും അനുഗ്രഹമായാണ് വിശ്വാസികൾ കരുതുന്നത്.

കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനത്തിലെ ഭരണി വരെ നീണ്ടു നിൽക്കുന്നതാണ് കൊടുങ്ങല്ലൂർ ഭരണി. ഇതിൽത്തന്നെ മീനത്തിലെ തിരുവോണം മുതൽ അശ്വതി വരെയാണ് പ്രധാന ചടങ്ങുകളത്രയും നടക്കുന്നത്.

ഭരണി കൂടിയാൽ
ഭദ്രകാളിയുടെ അനുഗ്രഹം ജീവിതത്തിലുടനീളം ലഭിക്കുവാൻ കൊടുങ്ങല്ലൂർ ഭരണിയിൽ പങ്കെടുത്താൽ മതിയെന്നാണ് വിശ്വാസം. എല്ലാ ദുഖങ്ങളും മാറ്റി, ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. താലപ്പൊലിയും ഭരണി മഹോത്സവവും ആണ് കൊടുങ്ങല്ലൂരിലെ പ്രധാന ആഘോഷങ്ങൾ, ഇതിൽ താലപ്പൊലിയാണ് ഇവിടുത്തെ ആളുകളുടെ അതായത് പ്രദേശവാസികളുടെ ആഘോഷമായി കണക്കാക്കുന്നത്. അതേസമയം ഭരണിയുത്സവം വടക്കൻ ജില്ലക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്നു. തൃശൂർ മുതൽ കാസർകോഡ് നിന്നുള്ളവർ വരെ ഇതിൽ പങ്കെടുക്കുവാനായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തുന്നു.

കൊടുങ്ങല്ലൂർ ഭരണി ചടങ്ങുകൾ
വ്യത്യസ്തമായ ഒരുപാട് ചടങ്ങുകളാണ് കൊടുങ്ങല്ലൂർ ഭരണിയുടെ പ്രത്യേകത. കോഴിക്കല്ല് മൂടൽ, തൃച്ചന്ദനചാർത്ത്, കാവുതീണ്ടൽ, രേവതി വിളക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ.

കോഴിക്കല്ല് മൂടൽ
കൊടുങ്ങല്ലൂർ മീനഭരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് കോഴിക്കല്ല് മൂടൽ. കാളി-ദാരിക യുദ്ധത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന്റെ ഓർമ്മപ്പെടുത്തലാണിത്. നേരത്തെ പൂവൻ കോഴിയെ ബലികൊടുത്തിരുന്നുവെങ്കിലും പിന്നീട് മൃഗബലി നിര്‍ത്തലാക്കിയ ശേഷം ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങ് നടത്തുന്നു.

തൃച്ചന്ദനചാർത്തൽ പൂജ
തൃച്ചന്ദനചാർത്തൽ പൂജ എന്നത് ഒരു രഹസ്യ പൂജയായാണ് അറിയപ്പെടുന്നത്. മീനഭരണിയുടെ തലേ നാളിലാണ് ഈ പൂജ നടക്കുന്നത്. ദാരികനുമായുള്ള യുദ്ധത്തിൽ കാളിക്ക് സംഭവിച്ച മുറിവുകൾ ചികിത്സിക്കുന്നതാണ് ഇതെന്നാണ് വിശ്വാസം. പ്രതിഷ്ഠയിൽ നിന്നും ആഭരണങ്ങൾ അഴിച്ചുമാറ്റുന്നതും ശ്രീകോവിൽ വൃത്തിയാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. കരിക്കുംl മഞ്ഞൾപ്പൊടിയും ചേർത്താണ് തൃച്ചന്ദനം തയ്യാറാക്കുന്നത്.

രേവതി വിളക്ക് തൊഴൽ
ഇവിടുത്തെ പ്രസിദ്ധമായ മറ്റൊരു ചടങ്ങാണ് രേവതി വിളക്ക് തൊഴൽ. രേവതി നാളിൽ നടക്കുന്ന വിളക്ക് തെളിയിക്കൽ ചടങ്ങാണിത്. ഭദ്രകാളിയുടെ ദാരിക വിജയം ആഘോഷിക്കുന്ന ചടങ്ങാണിത്. ഈ ദിവസം ആദ്യം കളമെഴുത്തു പാട്ടും തുടർന്ന് രേവതി വിളക്ക് തെളിയിക്കലും നടക്കുന്നു. ഈ ദിവസം ദേവിയെ ദർശിച്ചാൽ ദുരിതങ്ങളെല്ലാം അകലുമെന്നും ജീവിതത്തിൽ ഐശ്വര്യം നിറയുമെന്നുമാണ് വിശ്വാസം.

കാവുതീണ്ടല്‍
കാവ് പൂകൽ അഥവാ കാവ് തീണ്ടൽ ചടങ്ങ് മീനഭരണി ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണ്.രേവതി കഴിഞ്ഞു വരുന്ന അശ്വതി നാളിലാണ് കാവ് തീണ്ടൽ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാവുതീണ്ടലിനായി കോമരങ്ങൾ എത്തും. ഒരു കാലത്ത് എല്ലാവർക്കം പ്രവേശനമുണ്ടായിരുന്ന കാവിൽ പിന്നീട് പ്രവേശിക്കുന്നതിന് വിലക്കുകൾ വന്ന്. വർഷത്തിലൊരു ദിവസം മാത്രം എല്ലാവർക്കുമായി കാവ് തുറന്നു കൊടുക്കുന്ന ദിവസമാണ് കാവു തീണ്ടൽ നടക്കുന്നത്. കയ്യിലെ മരക്കമ്പു കൊണ്ട് ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ അടിച്ച് മൂന്നു തവണ വലംവെക്കുന്ന ചടങ്ങാണ് കാവുതീണ്ടൽ എന്നറിയപ്പെടുന്നത്. ഇതിനു ശേഷം ക്ഷേത്രം അടയ്ക്കുകയും വീണ്ടും പൂയം നാളിൽ തുറക്കുകയും ചെയ്യും.

Previous post വിവാഹത്തിന് മുഹൂര്‍ത്തം നോക്കല്‍ എന്താണ്
Next post അബദ്ധത്തിൽ പോലും ചൊവ്വാഴ്ച ഈ 5 കാര്യങ്ങള്‍ ചെയ്യരുത് ദാരിദ്ര്യം ആയിരിക്കും ഫലം