സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ
ആലപ്പുഴ: മുറ അനുസരിച്ച് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി സാവിത്രി അന്തര്‍ജനം (83) ചുമതലയേൽക്കും. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്. സംസ്ക്കാരചടങ്ങുകൾക്ക് മുന്നോടിയായി ആപാദ തീർഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.ചെറിയമ്മയായിരുന്ന ശ്രീദേവി അന്തര്‍ജനം അന്തരിച്ചതിനെത്തുടര്‍ന്നാണ് സാവിത്രി അന്തര്‍ജനം ചെറിയമ്മയുടെ ചുമതലയേറ്റെടുത്തത്.അടുത്ത ഒരുവര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജനം പൂജാദികര്‍മങ്ങള്‍ സ്വായത്തമാക്കും. ഇതിനുശേഷമാണ് വലിയമ്മയുടെ ചുമതല ഏല്‍ക്കുന്നത്.
ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാലയിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്കായുള്ള പ്രത്യേക സ്ഥലത്താണ് രാത്രി വൈകി സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു.ഉമാദേവി അന്തർജനത്തിന്‍റെ വിയോഗത്തെ തുടർന്ന് ഇത്തവണ ആയില്യം ആഘോഷങ്ങളില്ലാതെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വലിയമ്മയ്‌ക്കൊപ്പം ചെറിയമ്മയും മണ്ണാറശാലയിലെ പുരാതന ഇല്ലത്താണു താമസിക്കേണ്ടത്. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി 2016 നവംബര്‍ അഞ്ചിന് അന്തരിച്ചു. മക്കള്‍: എം.എസ്. വാസവന്‍, ശ്യാംസുന്ദര്‍, സുബ്രഹ്‌മണ്യന്‍, ശ്രീദേവി, നാഗദാസ്, ഉഷ.