നാലമ്പല യാത്ര: കർക്കിടക മാസത്തിലെ നാലമ്പല ദർശന പുണ്യം എങ്ങനെ?

കർക്കിടക മാസത്തിലെ നാലമ്പല ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം ദർശനം നടത്തുന്നത് മഹാപുണ്യമായി ഹിന്ദുക്കൾ കരുതുന്നു. രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒറ്റദിവസം ദർശനം നടത്തുന്ന ഈ പുണ്യയാത്രയ്ക്കൊരുങ്ങാം.

ഐതിഹ്യവും വിശ്വാസവും

ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണൻ സ്വർഗാരോഹിതനാവുകയും ദ്വാരകാപുരി കടലിൽ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണൻ വച്ചാരാധിച്ചിരുന്ന നാല് ചതുർബാഹു വിഗ്രഹങ്ങൾ കടലിൽ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയിൽ കൈമൾക്ക് സ്വപ്നദർശനമുണ്ടായി. ഈ വിഗ്രഹങ്ങൾ പിന്നീട് അദ്ദേഹത്തിൻറെ കൈവശമെത്തിച്ചേർന്നു ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങൾ നാലമ്പലം എന്ന പേരിൽ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദർശനം നടത്തുന്നതാണ് നാലമ്പല യാത്ര.

രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാൽ അമിതബലശാലികളായ മറ്റനേകം രാക്ഷസൻമാരെ കൂടി നിർമ്മാർജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങൾക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാൻ ഭഗവാൻ അവസരം നൽകി. പാഞ്ചജന്യ ശംഖാണ് ഭരതൻ, ലക്ഷ്മണൻ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദർശനചക്രത്തിൻറെ അവതാരമാണ് ശത്രുഘ്നൻ. നാലും ദർശിക്കുമ്പോൾ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദർശനം സാധ്യമാവുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കർക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

ഇനി നാലമ്പലദർശനത്തിനായുള്ള യാത്ര തുടങ്ങാം
തൃപ്രയാറിൽ തുടങ്ങണം

പുലർച്ചെ മൂന്നുമണിക്ക് തൃപ്രയാർ തേവർ ഉണരും. നിദ്രയിലാണ്ടു കിടന്ന തീർഥവാഹിനി കുഞ്ഞോളങ്ങളാൽ രാമനാമം ജപിച്ചുകൊണ്ടൊഴുകാൻ തുടങ്ങും. നാലുമണിക്കുതന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണർന്നു തുടങ്ങുന്നു

തൃപ്രയാർ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമൽ സങ്കൽപ്പത്തിൽ തൊഴുത ശേഷമേ ഭഗവാനെ ദർശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയിൽ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയിൽ ഒത്തുകൂടുന്നു. ക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറെ മൂലയിൽ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയിൽ ഗോശാലകൃഷ്ണനും തെക്കേനടയിൽ അയ്യപ്പ പ്രതിഷ്ഠയും. സർവലോകനാഥനും സർവരോഗ നിവാരണനും സർവ വിദ്യാനാഥനുമായ ദക്ഷിണാമൂർത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂർവ ക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിൻറെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളിൽ നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

കൂടൽ മാണിക്യത്തിൽ ഭരതൻ

ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറിൽ നിന്ന് പതിമൂന്നു കിലോമീറ്റർ പിന്നിട്ടാൽ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്കാരിക കേന്ദ്രം ഇപ്പോഴും അതിൻറെ തുടർച്ച പിന്തുടരുന്ന ദേശവാസികൾ. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തർക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തിൽ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീർഥത്തിൽ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തിൽ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവൻമാരും പിതൃക്കളും ഋഷികളും ഭഗവാൻറെ ആഗ്രഹ പ്രകാരം കുളത്തിൽ മത്സ്യരൂപത്തിൽ വിഹരിക്കുന്നുണ്ടെന്നും ഭക്തർ കരുതുന്നു. ഭഗവാനും പിതൃക്കൾക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീർഥക്കുളവും വലംവെയ്ക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.

വനവാസത്തിനുപോയ ശ്രീരാമൻ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിൽ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ക്ഷേത്രത്തിൽ . ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തിൽ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയിൽ നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തിൽ ലയിച്ചുചേർന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടൽ മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് കർപ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടൽ മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെൺകുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും അർശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിൻറെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാൽ ഒരു വർഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

മൂഴിക്കുളത്താണ് ലക്ഷ്മണൻ

ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയിൽ നിന്ന് 7 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തൻചിറ വഴി മാളയിലേക്ക് 12 കിലോമീറ്റർ. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റർ. പാലം കയറി വലത്തോട്ട് തിരിഞ്ഞാൽ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയിൽ നിന്ന് 31 കിലോമീറ്റർ. നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതിൽ ക്കെട്ടിനുള്ളിൽ മധ്യഭാഗത്തായി വ്യാളികൾ കാവൽ നിൽ ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ വിസ്തൃതമായ നമസ്കാര മണ്ഡപം. തേക്കിൽ പണിത മേൽ ക്കൂരയിൽ അഷ്ടദിക്പാലകർ. രണ്ടു നിലയിൽ ചെമ്പുമേഞ്ഞ വട്ട ശ്രീകോവിൽ . ഒരേ ശ്രീകോവിലിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയിൽ ഗോശാലകൃഷ്ണൻ. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. കിഴക്കേ നടയിൽ വലിയമ്പലത്തിൽ കൂടി നാലമ്പലത്തിൽ പ്രവേശിച്ച് മണ്ഡപത്തിൻറെ ഇടതുഭാഗത്തു കൂടി നടയിൽ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേ നടയിൽ ശ്രീഗണപതി,ദക്ഷിണാമൂർത്തി ,ശ്രീരാമ, സീത, ഹനുമാൻമാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീർഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവൻമാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതിൽ ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയിൽ വന്ന് കൊടിമരത്തിൻറെ പുറമേക്കൂടി വലിയ ബലിക്കല്ലിൻറെ ഇടതുഭാഗം വഴി നടയിൽ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്..

YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ്‌ സംഭവിക്കുന്നത്? | Watch Video 👇

പായമ്മൽ ശത്രുഘ്ന സന്നിധി

ഇനി ശത്രുഘ്ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ വഴിയിൽ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റർ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്ന് വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോൾ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റർ കൂടിസഞ്ചരിച്ചാൽ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റർ കൂടി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 800 മീറ്റർ കൂടി പിന്നിട്ടാൽ പായമ്മലപ്പൻറെ സന്നിധിയായികരിങ്കല്ലിൽ കൊത്തിയെടുത്ത ശ്രീകോവിൽ ചതുരാകൃതിയിലാണ്. ശ്രീകോവിലിൽ ശാന്തസ്വരൂപിയായ ശത്രുഘ്നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുർബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തിൽ ആഞ്ജനേയ സാന്നിധ്യവുമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദർശന പുഷ്പാഞ്ജലി. സുദർശനചക്ര സമർപ്പണവും പ്രധാനമാണ്ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയിൽ നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

YOU MAY ALSO LIKE THIS VIDEO, ശാസ്താംകോട്ട ശുദ്ധജല തടാകവും തടാകതീരത്തെ ധർമ്മശാസ്താ ക്ഷേത്രവും | Watch Video 👇

യാത്ര തുടങ്ങാൻ

യാത്ര തുടങ്ങാൻ തൃപ്രയാറിൽ തലേ ദിവസം തന്നെ എത്തേണ്ടി വരും. ഇവിടെ ദേവസ്വത്തിൻറെ സത്രവും സ്വകാര്യഹോട്ടലുകളും താമസിക്കാൻ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഗുരുവായൂരിൽ താമസിച്ച് പുലർച്ചെ ഇങ്ങോട്ട് വരാം. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് 24 കിലോമീറ്ററാണ്. ട്രെയിനിൽ പോവാനാഗ്രഹിക്കുന്നവർ തൃശ്ശൂരിൽ ഇറങ്ങി ബസ്സിൽ പോവുന്നതാണ് നല്ലത്. 24 കിലോമീറ്ററാണ് തൃശ്ശൂർ തൃപ്രയാർ ദൂരം. തൃപ്രയാർ മുതൽ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്.

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 18 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 19 വെള്ളി) എങ്ങനെ എന്നറിയാം