ജന്മനക്ഷത്ര പ്രകാരം സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ഗുണദോഷ ഫലങ്ങളും ദോഷപരിഹാരങ്ങളും
സ്‌ത്രീകളുടെ ജന്മനക്ഷത്രപ്രകാരം, അവരിലുണ്ടാകാനിടയുള്ള ഗുണദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് വ്യക്‌തമാക്കുകയാണിവിടെ. ദോഷപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശവും ഇതോടൊപ്പമുണ്ട്.
നക്ഷത്രം- അശ്വതി
നക്ഷത്രത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ – മൃഗം- കുതിര, പക്ഷി- പുള്ള്, വൃക്ഷം- കാഞ്ഞിരം, ഭൂതം- ഭൂമി, ഗണം- ദേവഗണം, ദേവത- അശ്വനി ദേവതകള്‍- ഉപാസനാ മൂര്‍ത്തി- ഗണപതി, ഭഗവതി.
ശ്രദ്ധിക്കുക: സൗന്ദര്യവും ആകര്‍ഷകമായ ശരീരഘടനയും അനുഗ്രഹിച്ചു കിട്ടിയിട്ടുള്ള ഇവര്‍ക്ക് മുഖസ്‌തുതികളെ തിരിച്ചറിയുവാന്‍ കഴിവില്ല. ആരെയും കണ്ണടച്ച് വിശ്വസിക്കുന്നത് ഗുണം ചെയ്യില്ല. നിഗൂഢശാസ്‌ത്ര തല്‍പരരായ ഇവര്‍ക്ക് ജീവിതപങ്കാളിയില്‍നിന്നുപോലും വഞ്ചനയുണ്ടാകാം. തന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. ക്ഷമയും സഹനശക്‌തിയും വിധേയത്വവും കുറവായ സ്‌ഥിതിക്ക് തൊഴില്‍രംഗം ഉപജീവനമാര്‍ഗ്ഗമാണെന്ന ബോധ്യത്തോടുകൂടെ പെരുമാറുക. വിമര്‍ശനങ്ങള്‍ക്കു ചെവികൊടുക്കണ്ട. എന്നാല്‍ അപ്രിയസത്യങ്ങള്‍ സാഹചര്യമറിഞ്ഞു പ്രയോഗിക്കുക. ഈശ്വരവിശ്വാസം ദൃഢമാക്കിക്കൊള്ളുക. നിങ്ങളുടെ പ്രതിസന്ധികളില്‍ ഒരു യഥാര്‍ത്ഥ കൈത്താങ്ങായി അതുമാത്രമേ ഉണ്ടാവൂ.
നക്ഷത്രം- ഭരണി
നക്ഷത്ര വിശേഷങ്ങള്‍- മൃഗം- ആന, വൃക്ഷം- നെല്ലി, പക്ഷി- പുള്ള്, ഭൂതം- ഭൂമി, ഗണം- മാനുഷം, ദേവത- യമന്‍, ഉപാസനാമൂര്‍ത്തികള്‍- പരമശിവന്‍, ശ്രീമുരുകന്‍.
പ്രത്യേകശ്രദ്ധയ്‌ക്ക്: ഭര്‍ത്താവുമായിട്ടുണ്ടാവുന്ന പിണക്കങ്ങള്‍ ഉടനെതന്നെ പരിഹരിക്കണം, സൗഹൃദസദസ്സുകളില്‍ മിതത്വം പാലിക്കണം. സംസാരവിഷയത്തില്‍ വിഷയാസക്‌തി നിയന്ത്രിക്കണം. ഏതുകാര്യത്തിനും പരാശ്രയത്വം ഗുണം ചെയ്യില്ല. എതിര്‍ ലിഗത്തില്‍പ്പെട്ടവരുടെ പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ബന്ധുജനങ്ങളോടും സന്താനങ്ങളോടും അനുനയത്തില്‍ ഇടപെടുക. രാത്രിയില്‍ 20 മിനിട്ടുനേരം വീതം ഇഷ്‌ടദേവതാ ധ്യാനം ചെയ്യുക. ഒപ്പം താന്‍ മറ്റുള്ളവരെക്കാള്‍ താഴ്‌ന്നവനോ ഉയര്‍ന്നവനോ അല്ലാ എന്നു കരുതുക. തന്റെ ജീവിതം സദ്‌വൃത്തമാകുവാന്‍ ജഗദീശ്വരന്‍ സഹായിക്കുന്നു എന്നും മനസ്സിലാക്കുക.
നക്ഷത്രം- കാര്‍ത്തിക
നക്ഷത്രവിശേഷങ്ങള്‍ – മൃഗം- ആട്, വൃക്ഷം- അത്തി, പക്ഷി- പുള്ള്, ഭൂതം- ഭൂമി, ഗണം- അസുരന്‍ , ദേവത- അഗ്നി, ഉപാസനാമൂര്‍ത്തി- സുബ്രഹ്‌മണ്യന്‍ , അര്‍ദ്ധനാരീശ്വരന്‍.
പ്രത്യേകശ്രദ്ധയ്‌ക്ക് : കോപശീലമാണ് ഏറെക്കുറയ്‌ക്കേണ്ടത്. മത്സ്യമാംസാദി ആഹാരങ്ങളുടെ ഉപയോഗവും കുറയ്‌ക്കണം. കണ്ടെത്തലുകള്‍ എല്ലാം ശരിയാണെന്ന് ധരിക്കരുത്. വിമര്‍ശനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചശേഷമേ പ്രതികരിക്കാവൂ. പ്രശംസയില്‍ വീഴുന്ന സ്വഭാവം നിയന്ത്രിക്കണം. ബന്ധങ്ങള്‍ ദുരുപയോഗപ്പെടുത്തരുത്, തെറ്റുകള്‍ മനസ്സിലായാല്‍ തിരുത്തുവാന്‍ വൈകരുത്. ശത്രുജയത്തിന് വൈരാഗ്യബുദ്ധി വേണ്ട. നിങ്ങള്‍ക്ക് ഉപാസനാമൂര്‍ത്തീഗുണം അധികമുണ്ടെങ്കില്‍ ശത്രുനാശം താനേ സംഭവിച്ചുകൊള്ളും. സംശയം വേണ്ട. നിങ്ങളെ മാത്രം ലക്ഷ്യംവച്ച് ആരും ഒന്നിനും നിര്‍ബന്ധിക്കില്ല.
നക്ഷത്രം- രോഹിണി
നക്ഷത്രവിശേഷങ്ങള്‍ – ദേവതാ- ബ്രഹ്‌മാവ്, ഗണം- മാനുഷം, ഭൂതം- ഭൂമി, പക്ഷി- പുള്ള്, വൃക്ഷം- ഞാവല്‍, മൃഗം- നല്‌പാമ്പ്, ഉപാസനമൂര്‍ത്തികള്‍- ശ്രീദുര്‍ഗ്ഗാദേവി, ചണ്ഡിക.
പ്രത്യേകശ്രദ്ധയ്‌ക്ക്: സംശയദൃഷ്‌ടി ഒരുപരിധിവരെ ഗുണം ചെയ്യുമെങ്കിലും എല്ലാറ്റിലും സംശയദൃഷ്‌ടി അരുത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി ബോധ്യമാകാതെ പ്രതികരിക്കരുത്. പുത്രമിത്രാദികളോട് പെരുമാറുന്നതിലെ കാര്‍ക്കശ്യം ഒഴിവാക്കണം. വരവറിയാതെ ചെലവഴിക്കരുത്. കടുംപിടുത്തങ്ങളും പിടിവാശികളും സാഹചര്യമറിഞ്ഞ് പിന്‍വലിക്കണം. അഭിമാനം നഷ്‌ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ രഹസ്യമായിപ്പോലും ചെയ്യുന്നത് ഗുണകരമാവില്ല. സന്താനങ്ങളോട് വാത്സല്യമാവാം. എന്നാല്‍ അവരില്‍ ശ്രദ്ധപുലര്‍ത്തണം. ശുചിത്വം നല്ലതാണ്. പക്ഷേ, ശുചിത്വത്തിന്റെ പേരില്‍ കലഹം ഉണ്ടാക്കരുത്. ആരോഗ്യകാര്യത്തില്‍ അമാന്തം ഉണ്ടാവുകയോ അരുത്.
നക്ഷത്രം- മകയിരം
നക്ഷത്രവിശേഷം- വൃക്ഷം- കരിങ്ങാലി, പക്ഷി- പുള്ള്, ഭൂതം-ഭൂമി, ഗണം- ദേവന്‍ , മൃഗം- പാമ്പ്, ദേവത- ചന്ദ്രന്‍, ഉപാസനാമൂര്‍ത്തി- രാജരാജേശ്വരി, മാരിയമ്മന്‍.
പ്രത്യേകശ്രദ്ധയ്‌ക്ക്: ആഡംബരതല്‌പരതയാണ് പ്രധാനമായും കുറവു ചെയ്യേണ്ടത്. നിര്‍ബന്ധബുദ്ധി ഒഴിവാക്കണം. ധനവ്യയത്തിലും മുഖസ്‌തുതി പറയുന്നതിലും മിതത്വം പാലിക്കണം. സദാചാരബോധം പുലര്‍ത്തണം. സഹകരണ മനോഭാവം പുലര്‍ത്തണം, കുത്സിതപ്രവര്‍ത്തനങ്ങള്‍ക്കൊന്നും നില്‍ക്കണ്ടാ. അവ തനിക്കുതന്നെ ദോഷമാകും. ഭാവനാശക്‌തി നല്ല ഗുണമാണ്. പക്ഷേ, വിജയത്തിനുവേണ്ടി ഭാവനാ ശക്‌തി ഉപയോഗപ്പെടുത്തുന്നത് നന്നല്ല. മുഖം നോക്കാതെ വര്‍ത്തമാനം പറയരുത്. സ്‌നേഹം കിട്ടുന്നില്ല, പരിഗണിക്കപ്പെടുന്നില്ല എന്ന പരാതി ഒഴിവാക്കുക. മറ്റുള്ളവരെ സ്‌നേഹിക്കുവാനും പരിഗണിക്കുവാനും തയ്യാറായാല്‍ മതി. പ്രവൃത്തികള്‍കൊണ്ട് പേരുദോഷം വരാതെ നോക്കണം. സ്വപ്‌നലോകത്തിലൂടെ വല്ലപ്പോഴും സഞ്ചാരമാകാം. എന്നാല്‍ സ്വപ്‌നലോകത്തില്‍ മാത്രമാവരുത് സഞ്ചാരം. ഉപാസനാമൂര്‍ത്തിയെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, ആരാധിക്കുക.
നക്ഷത്രം- തിരുവാതിര
നക്ഷത്രവിശേഷം- ദേവതാ- ശിവന്‍, മൃഗം- ശ്വാവ്, വൃക്ഷം- കരിമരം, പക്ഷി- ചകോരം, ഭൂതം- ജലം, ഗണം- മാനുഷം,ഉപാസനാമൂര്‍ത്തി- പരമശിവന്‍, ഭൈരവന്‍.
പ്രത്യേകശ്രദ്ധയ്‌ക്ക്: വ്യക്‌തമായ അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുക. അന്യരുടെ സ്വകാര്യതയെക്കുറിച്ച് അന്വേഷണതല്‌പരത പാടേ ഉപേക്ഷിക്കുക. ധൈര്യം, നിര്‍ഭയത്വം എന്നിവ നല്ലതാണ്. പക്ഷേ, അവ പ്രയോഗിക്കുന്നതില്‍ ആളും തരവും നോക്കണം. ചെലവു ചുരുക്കിയില്ലെങ്കില്‍ കഷ്‌ടത ഉണ്ടാകും. വ്യായാമവും ഭക്ഷണമിതത്വവും പാലിച്ചില്ലെങ്കില്‍ രോഗാവസ്‌ഥയിലേക്ക് നീങ്ങും. ഞാനാണ് ശരിയെന്നതുപോലെ എനിക്ക് ചുറ്റുമുള്ളതിലും ശരിയുണ്ടാവും എന്ന് മനസ്സിലാക്കുക. വിനയവും ക്ഷമയും ശീലിക്കുക. വാരിക്കോരിയുള്ള വഴിപാടുകള്‍ ഫലം ചെയ്യണമെങ്കില്‍ മനഃശുദ്ധിയും മന്ത്രജപവും കൂടെ വേണം. യാഥാര്‍ത്ഥ്യം അംഗീകരിച്ചു പ്രവര്‍ത്തിക്കുക.
നക്ഷത്രം- പുണര്‍തം
നക്ഷത്രവിശേഷം- വൃക്ഷം- മുള, മൃഗം- പൂച്ച, പക്ഷി- ചെമ്പോത്ത്, ഭൂതം- ജലം, ഗണം- ദേവന്‍ , ദേവത- അദിതി, ഉപാസനാമൂര്‍ത്തികള്‍ – മഹാവിഷ്‌ണു, ശ്രീരാമചന്ദ്രന്‍.
ശ്രദ്ധിക്കുക : തന്നെയും തന്റെ ഗുണഗണസൗന്ദര്യങ്ങളെയും പുകഴ്‌ത്തി അടുത്തുകൂടുന്ന വീരന്മാരെ സൂക്ഷിക്കുക. ഈശ്വരഭക്‌തി ഏറ്റവും ഗുണമുളള കാര്യമാണ്. പക്ഷേ, എല്ലാം ഈശ്വരന്‍തന്നെ തനിക്കുവേണ്ടി ചെയ്‌തുതരണം എന്ന് വിചാരിക്കാതെ തന്റെ കര്‍മ്മം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.ദാനം ചെയ്യുന്നതിന്റെ പുണ്യം ലഭിക്കണമെങ്കില്‍ ദാനം ചെയ്‌ത വിവരം പുറത്തുപറയരുത്. സങ്കല്‌പത്തിനനുസരിച്ചിട്ടുളള ഭര്‍ത്താവിനെ ലഭിച്ചില്ലെങ്കില്‍ കിട്ടുന്നതുകൊണ്ട് തൃപ്‌തിപ്പെടുക. ഭര്‍ത്താവിനെ നിയന്ത്രിക്കുവാന്‍ ശ്രമിക്കണം. ബാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു എന്ന വ്യാജേന ആശയങ്ങള്‍ എറിഞ്ഞുകൊടുക്കുക. ഭര്‍ത്താവിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഉള്ള് തുറന്നു സംസാരിക്കുക. താന്‍ ഭര്‍ത്താവിന് എത്രത്തോളം വിധേയയാകുന്നുവോ അത്രത്തോളം ഭര്‍ത്താവും തന്നോട് വിധേയത്വം പുലര്‍ത്തും. അത് ഒരുപക്ഷേ, അടക്കി ഭരിക്കുന്ന രീതിയിലാകും എന്നും മനസ്സിലാക്കുക.
നക്ഷത്രം- പൂയം
നക്ഷത്രവിശേഷം- ഗണം- ദേവന്‍, ദേവത- ബൃഹസ്‌പതി, മൃഗം- ആട്, വൃക്ഷം- അരയാല്‍ , ഭൂതം- ജലം, പക്ഷി- ചകോരം, ഉപാസനാമൂര്‍ത്തി- ശ്രീകൃഷ്‌ണന്‍, നരസിംഹമൂര്‍ത്തി.
ശ്രദ്ധിക്കുക: പുല്‍ക്കൊടിയെപ്പോലും നിസ്സാരമായി കാണുകയോ, നിന്ദിക്കുകയോ അരുത്. ലൗകികസുഖഭോഗങ്ങളില്‍ മുഴുകി ഈശ്വരനെയും ഈശ്വരനിര്‍ദ്ദേശങ്ങളെയും മറക്കരുത്. സ്‌ഥിരമായി നിലനില്‍ക്കുന്നത് ഈശ്വരന്‍ മാത്രമാണെന്നും മറ്റെല്ലാം നശിക്കുന്നവയാണെന്നും തിരിച്ചറിയുക. അലസതമൂലം കാര്യങ്ങള്‍ നീട്ടിവയ്‌ക്കരുത്. ശാരീരികവിഷമതകള്‍ക്ക് വൈദ്യനിര്‍ദ്ദേശം തേടാന്‍ താമസിക്കരുത്. നിങ്ങള്‍ക്ക് നാശംവരുവാന്‍ ശത്രുക്കള്‍ പരിശ്രമിക്കുന്നു എന്ന തോന്നലുകള്‍ ഈശ്വരനില്‍ അര്‍പ്പിക്കുക. ശത്രുജയം ഉണ്ടാവും. ശരീരത്തിലെ ചില ന്യൂനതകള്‍ നിങ്ങള്‍ക്കു മാത്രം ഉള്ളതല്ല. ബഹുഭൂരിപക്ഷം സൃഷ്‌ടികളിലും ഉള്ളതാണ്. അത്തരം ചിന്തകള്‍ അടിസ്‌ഥാനരഹിതവും ആണ്. ആരുടെയും ഗുണദോഷവശങ്ങള്‍ ചികഞ്ഞെടുക്കേണ്ടാ.
നക്ഷത്രം- ആയില്യം
നക്ഷത്രവിശേഷം- വൃക്ഷം- നാരകം, ഗണം- അസുരം, ദേവത- സര്‍പ്പദൈവങ്ങള്‍, മൃഗം- കരിംപൂച്ച, പക്ഷി- ഉപ്പന്‍ , ഭൂതം- ജലം.
ശ്രദ്ധിക്കുക: മുജ്‌ജന്മത്തിലെയും ഈ ജന്മത്തിലെയും കര്‍മ്മഫലങ്ങളാണ് അനുഭവങ്ങള്‍ എന്ന് തിരിച്ചറിയുക. അതില്‍നിന്നും രക്ഷനേടാന്‍ ഈശ്വരപ്രാര്‍ത്ഥന ഒന്നുകൊണ്ടുമാത്രമേ സാധ്യമാകൂ. നഷ്‌ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ, നന്മകളെക്കുറിച്ച് ആനന്ദിക്കുക. സംസാരശൈലിയില്‍ മൃദുത്വവും വിനയവും താഴ്‌മയും കാണിച്ചേ പറ്റൂ. ഭര്‍ത്താവ് പറയുന്നത് തെറ്റാണെങ്കിലും എടുത്തടിച്ചതുപോലെ പ്രതികരിക്കരുത്. സംയമനം പാലിച്ച് സമാധാനമായി സംസാരിക്കുക. ഇല്ലാത്തത് ഉണ്ടെന്ന് ആരോടും പറയണ്ടാ. പ്രശ്‌നങ്ങളില്‍നിന്നും ഓടിയൊളിക്കുവാന്‍ ഓരോ സാധ്യതകള്‍ കണ്ടെത്തുന്നതിനാല്‍ മാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിയുക. സമചിത്തതയോടെ കാര്യങ്ങള്‍ പഠിച്ച് പരിഹാരം കാണുക. ഞാന്‍ എന്ന വാക്കിനെക്കാളുപരി ’ഞങ്ങള്‍’ എന്ന വാക്കിന് സംസാരത്തിലും പ്രവൃത്തിയിലും പ്രാധാന്യം കൊടുക്കുക. കുടുംബജീവിതം സന്തോഷകരമായിത്തീരും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
നക്ഷത്രം- മകം
ശ്രദ്ധിക്കുക: മകം നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ ഭഗ്യവതികളായിരിക്കുമെന്നും പുരുഷന്മാർക്ക് ഈ നക്ഷത്രം അത്ര മെച്ചമല്ലെന്നും അഭിപ്രായമുണ്ട്. ബുദ്ധി സാമർഥ്യവും കഴിവും മകം നാളുകാരുടെ പ്രത്യേകതകളാണ്. അധികം തടിക്കാത്ത ശരീരപ്രകൃതിയും അധികം ഉയരമില്ലായ്മയും ഉണ്ടാകാം. സദാചാരനിഷ്ഠയും സത്യസന്ധതയും ഉണ്ടാകും. ധാരാളം നല്ല സുഹൃത്തുക്കളുണ്ടാകും. ഉറച്ച ഈശ്വരവിശ്വാസവും മതനിഷ്ഠയും ഉണ്ടാകും. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്ന മനോഭാവക്കാരായിരിക്കും. അതുമൂലം മനസമാധാനവും ശാന്തിയും സമചിത്തതയും കൈവരിക്കും. പുതിയ കാര്യങ്ങൾ കണ്ടു പിടിക്കുന്നതിനും അത് പ്രയോഗത്തിൽ വരുത്തുന്നതിനും ശ്രമിക്കും. സംഭാഷണത്തിൽ മിതത്വം പാലിക്കും. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അന്യർക്ക് ഉപദേശം കൊടുക്കുക. തന്ത്രശാലികളായവരിൽ നിന്ന് അകന്ന് കഴിയാൻ ശ്രമിക്കും. ചീത്തവഴികളിൽ നടക്കുന്നവരെ വെറുക്കും. ശുദ്ധഹൃദയരും ചെറിയ കാര്യം കൊണ്ട് ക്ഷോഭിക്കുന്നവരും ആയിരിക്കും. സ്വാർത്ഥ ചിന്ത കുറയും. ഏതു ജോലിയിൽ എർപ്പെട്ടാലും തികഞ്ഞ ആത്മാർത്തതയോടു കൂടി പ്രവർത്തിക്കും. പക്ഷെ ഉദ്ദേശിക്കുന്ന അത്ര വിജയം പ്രവർത്തനങ്ങളിൽ ഉണ്ടായെന്നു വരികയില്ല. സ്നേഹം തോന്നുന്നവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാകും. വിവാഹത്തിന് കാലതാമസം വരാം. വിവാഹജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടാൻ ഇടയുണ്ട്. എന്നിരുന്നാലും പൊതുവെ സന്തോഷകരമായ കുടുംബജീവിതമായിരിക്കും ഉണ്ടാകുക. മകം നാളിൽ ജനിച്ച സ്ത്രീകൾ ഭർതൃപരിചരണത്തിൽ പ്രത്യേകം താല്പര്യം കാണിക്കും.
നക്ഷത്രം- പൂരം
ഈ നാളുകാർ പൊതുവെ ഗൌരവഭാവക്കാരായിരിക്കും. പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാകുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ അസാധാരണമായ കഴിവുണ്ടാകും. എല്ലാ പ്രവർത്തനങ്ങളിലും പൂരക്കാർ വിജയിക്കാറുണ്ട്. അധികാരസ്ഥാനങ്ങളിലെത്താൻ പ്രത്യേക താല്പര്യം കാണിക്കും. അത്തരം സ്ഥാനങ്ങളിൽ വളരെ ശോഭിക്കും. കലാവാസനയുണ്ടാകും. മദ്ധ്യവയസ്സുവരെ ഉയർച്ച താഴ്ച്ചകൾ ഒന്നിടവിട്ട് ഉണ്ടായിക്കൊണ്ടിരിക്കും. പൂരം നാളിൽ ജനിച്ച സ്ത്രീകൾക്ക് തന്റേടക്കൂടുതലുണ്ടാകാം. അതുമൂലം കുടുംബജീവിതം അസ്വസ്ഥമായി എന്നുവരാവുന്നതാണ് എങ്കിലും ദാന്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. എന്നിരുന്നാലും ചില പൂരം നാളുകാർക്ക് വിവാഹ ജീവിതത്തിൽ അപൂർണ്ണത അനുഭവപ്പെടുകയോ വിവാഹ ജീവിതം തന്നെ തകർന്നു പോകുകയോ ചെയ്യാം.
നക്ഷത്രം- ഉത്രം
ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ ഉയർന്ന പദവിയിൽ എത്തുമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. സൗഭാഗ്യവും, ധനവും, ഐശര്യവും സാധാരണ ഗതിയിൽ അനുഭവത്തിൽ വരും. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. അന്യരെ സഹായിക്കാൻ ഇപ്പോഴും സന്നദ്ധത കാണിക്കും. പെട്ടെന്ന് കോപിക്കുകയും അതുപോലെ തന്നെ ശാന്തതപ്പെടുകയും ചെയ്യും. തന്ത്രപൂർവ്വം പ്രവർത്തിച്ച് അംഗീകാരം നേടും. പക്ഷെ അതുമൂലം സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയില്ല. 30 വയസ്സുമുതൽ 40 വയസ്സുവരെയുള്ള കാലം താരതമ്യേന മെച്ചപ്പെട്ടതാണ്. ഭാവി തീരുമാനത്തിന് ഒരു ഉറച്ച അടിസ്ഥാനം പണിതുയർത്താൻ ഈ കാലത്ത് കഴിഞ്ഞെന്നു വരും. സ്നേഹവും വിധേയത്വവുമുള്ള ജീവിത പങ്കാളിയെ നേടും. സന്താനങ്ങളുടെ സഹകരണം മൂലം വാർദ്ധക്യകാലം സന്തോഷകരമായിരിക്കും.
നക്ഷത്രം- മൂലം
നക്ഷത്രവിശേഷം: ഗണം-അസുരം, ഭൂതം-വായു, മൃഗം- ശ്വാവ്, പക്ഷി-കോഴി, ദേവത-നിര്യതി, വൃക്ഷം-പയിന്‍. ഉപാസനാമൂര്‍ത്തി- രാജരാജേശ്വരി, മഹാദേവി.
ശ്രദ്ധിക്കേണ്ടത്: ഭര്‍ത്താവുമായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അസ്‌തമയത്തിനു മുമ്പ് പറഞ്ഞുതീര്‍ക്കണം. പിടിവാശിയെക്കാളുപരി വിട്ടുവീഴ്‌ചാ മനോഭാവം പുലര്‍ത്തണം. ബന്ധുക്കളെല്ലാം ശത്രുക്കളാണെന്ന മുന്‍വിധി പുനഃപരിശോധിക്കണം. ഈശ്വര ഉപാസനകളില്‍ അലംഭാവമുണ്ടാകരുത്. മുല്ലവള്ളിപോലെ പടരാന്‍ ആഗ്രഹിക്കുന്നവര്‍ മുള്ളുകളുള്ള മുരിക്കിന്‍കൊമ്പില്‍ പടരാതെ ശ്രദ്ധിക്കണം. സ്‌നേഹവും പരിഗണനയും സാന്ത്വനവും ഒരിക്കലും വാടകയ്‌ക്കോ, വിലനല്‍കിയോ സ്വീകരിക്കരുത്. മറ്റൊരാളുടെ അധീനതയിലുള്ളതൊന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കരുത്. സമ്പത്താണു ജീവിതത്തില്‍ എല്ലാമെന്ന് കരുതരുത്. നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നു പരാതിപ്പെടുന്ന പരിഗണനകള്‍ എല്ലാം കുടുംബാംഗങ്ങള്‍ക്കും ചുറ്റുമുള്ള ബന്ധുക്കള്‍ക്കും നിര്‍ലോപമായി നല്‍കുവാന്‍ തയ്യാറാവുക. സമാധാനം നിങ്ങളെ തേടിയെത്തും; അല്‌പം വൈകിയാണെങ്കില്‍പോലും.
ALSO WATCH THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
നക്ഷത്രം- പൂരാടം
നക്ഷത്രവിശേഷം: ഗണം- മനുഷ്യന്‍, ഭൂതം-വായൂ, ദേവത-ജലം, മൃഗം- കുരങ്ങന്‍, വൃക്ഷം-വഞ്ഞി, പക്ഷി- കോഴി, ഉപാസനാമൂര്‍ത്തി- വിഘ്‌നേശ്വരന്‍, ഹനുമാന്‍സ്വാമി.
ശ്രദ്ധിക്കേണ്ടത്: നേത്രങ്ങള്‍ക്കുള്ള ഭംഗിയും വിരിവുംപോലെ സല്‍ക്കര്‍മ്മങ്ങളില്‍ ഹൃദയവിശാലതയും സഹകരണമനോഭാവവും ഉണ്ടാകണം. കണക്കുകളിലെ കൃത്യതയും സ്വന്തം ചുമതലയും മറ്റുള്ളവരെ ഏല്‌പിക്കരുത്. ഏതുകാര്യവും നടപ്പാകുന്ന ഘട്ടത്തിലെത്തിയശേഷം മാത്രം പരസ്യപ്പെടുത്തുക. സൂത്രധാരനായി പ്രവര്‍ത്തിക്കുന്നത് സൂക്ഷിച്ചുവേണം. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് പില്‍ക്കാലത്ത് ദോഷം ചെയ്യാം. മാനുഷികമൂല്യങ്ങള്‍ വിസ്‌മരിച്ചു പ്രവര്‍ത്തിക്കരുത്. പുത്രവാത്സല്യം അന്ധമായ വിധേയത്വം സൃഷ്‌ടിക്കരുത്. കഷ്‌ടപ്പാടുകളില്‍ അടിപതറേണ്ടതില്ല. ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അടിയുറച്ചുനിന്നാല്‍ അനുകൂല ഫലം സിദ്ധിക്കും. തന്റെ ഇഷ്‌ടങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും ഇഷ്‌ടങ്ങള്‍ പരിഗണിക്കണം. എപ്പോഴും ഒരു ശൂന്യത തോന്നാം. പക്ഷേ, ആ ശൂന്യതയില്‍നിന്നുമാകും ഉയരങ്ങള്‍ നിങ്ങള്‍ക്ക് വെട്ടിപ്പിടിക്കുവാന്‍ സാധിക്കുക. കറിക്ക് സുഗന്ധവും രുചിയും വര്‍ദ്ധിക്കുവാനുള്ള കറിവേപ്പിലയായി പലപ്പോഴും നിങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോഴും എച്ചില്‍ക്കൂനയിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ മാനസികമായി സ്വീകരിക്കുക. ക്ഷമയും ശാന്തതയുമാണ് എല്ലാറ്റിനും ശാശ്വത പരിഹാരം.
നക്ഷത്രം- ഉത്രാടം
ഉപാസനമൂര്‍ത്തി-വിഷ്‌ണു, ശിവന്‍.നക്ഷത്രവിശേഷം: ദേവത- വിശ്വദേവത, ഗണം-മനുഷ്യന്‍, ഭൂതം-വായു, മൃഗം-കാള, വൃക്ഷം-പ്ലാവ്, പക്ഷി-കോഴി.
ശ്രദ്ധിക്കേണ്ടത്: ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിമാത്രം ഒന്നും ചെയ്യതിരിക്കുന്നതാണ് നല്ലത്. മറ്റുള്ള വ്യക്‌തിത്വങ്ങളെ അനുകരിക്കാന്‍ ശ്രമിക്കരുത്. സാമ്പത്തികവിഷയങ്ങളില്‍ അതീവശ്രദ്ധയും നിഷ്‌ഠയും പുലര്‍ത്തണം, കോപാധിക്യത്താല്‍ കര്‍ണ്ണകഠോരവാക്കുകള്‍ പറയരുത്. ഏതുരംഗത്തായാലും അര്‍ഹമായ അംഗീകാരം തേടി നിങ്ങള്‍ അലയണ്ടാ. താനേ വന്നുചേരും. സുഹൃത്‌ബന്ധങ്ങളില്‍പ്പെട്ട് ദുഃശീലങ്ങള്‍ക്കടിമപ്പെടരുത്. ഭര്‍ത്താവിങ്കലായാലും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശൈലി ഒഴിവാക്കി നിര്‍ദ്ദേശങ്ങള്‍ തന്നെ മയപ്പെടുത്തി ഉപദേശരൂപത്തില്‍ അവതരിപ്പിക്കുക. അവസരത്തിനൊത്ത് വിഷയങ്ങള്‍ പഠിച്ചേ പ്രതികരിക്കാവൂ. സാധ്യതകള്‍ അനുയോജ്യമാണോയെന്ന് നന്നായി ചിന്തിച്ചു മാത്രം ഉപയോഗപ്പെടുത്തുന്നതാവും ഗുണകരം. ഉല്ലാസയാത്രകള്‍ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തുക.
നക്ഷത്രം- തിരുവോണം
നക്ഷത്രവിശേഷം: ഗണം-ദേവന്‍, ഭൂതം-വായു, മൃഗം-വാനരന്‍, പക്ഷി-കോഴി, വൃക്ഷം- എരുക്ക്, ദേവത- വിഷ്‌ണു.ഉപാസനാമൂര്‍ത്തി-വാമനന്‍ (വിഷ്‌ണു), ഉമാമഹേശ്വരന്‍.
ശ്രദ്ധിക്കേണ്ടത്: ഉപകാരം ചെയ്യുന്നത് ദുര്‍ജനങ്ങള്‍ക്കായാല്‍ പ്രതിഫലം വിപരീതമായിരിക്കും. ശുചിത്വം പുലര്‍ത്തുകയും കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയും വേണം. സന്മാര്‍ഗ്ഗദര്‍ശനമല്ലാത്ത ചിന്തകളെ അവഗണിക്കണം. വിരോധികള്‍ ഒരു സുപ്രഭാതത്തില്‍ അടുത്തുകൂടുമ്പോള്‍ ജാഗ്രത പാലിക്കുക. മുഖസ്‌തുതികളില്‍ വീഴാതിരിക്കുക. ചിട്ടയും വെടിപ്പും ശീലിക്കുക. മറ്റുള്ളവര്‍ എന്തുകരുതുമെന്ന് ചിന്തിച്ചാല്‍ ഒരു കാര്യവും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കില്ല. വിവാദങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കുക. വിശ്വസ്‌തരായിരുന്നവര്‍ വഞ്ചിക്കാം. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാവും നല്ലത്. മോഹനവാഗ്‌ദാനങ്ങളില്‍ കുടുങ്ങിയാല്‍ കുഴപ്പമാകും. ആഭിചാരകര്‍മ്മങ്ങള്‍ക്കു മുതിരരുത്. സ്വപ്രയത്നത്താല്‍ ജീവിതവിജയം കൈവരും. വൈകിയെങ്കിലും അംഗീകാരവും ബഹുമാന്യതയും സിദ്ധിക്കും. അമിതാവേശം നിയന്ത്രിക്കണം.
നക്ഷത്രം- അവിട്ടം
നക്ഷത്രവിശേഷം: ദേവത- വസുക്കള്‍, ഗണം- അസുരന്‍, ഭൂതം-ആകാശം, മൃഗം- നല്ലാള്, പക്ഷി- മയില്‍, വൃക്ഷം- (വഹ്നി) കൂവളം, ഉപാസനാമൂര്‍ത്തികള്‍- ശിവന്‍, വിഷ്‌ണു.
ശ്രദ്ധിക്കേണ്ടത്: സ്വപ്‌നലോക സഞ്ചാരസുഖം ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ ലഭ്യമല്ല എന്നു തിരിച്ചറിയുക. എന്തും മാറ്റിവാങ്ങുന്നതിനു മുമ്പ് സാഹചര്യസ്‌ഥിതികള്‍ക്കനുയോജ്യമാണോയെന്ന് ചിന്തിക്കുക. ധനവ്യയ വിഷയങ്ങളില്‍ വരവും ചെലവും മനസ്സിലാക്കി പ്രവര്‍ത്തിക്കുക. പ്രണയം ഒരുപരിധിവരെ വിജയമെങ്കിലും അസംതൃപ്‌തിക്കുള്ള സാധ്യതകള്‍ ഏറെയാണ്. സഭാകമ്പം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ വാചകങ്ങളില്‍, ശ്രദ്ധചെലുത്തുക. ലക്ഷ്യബോധം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് സംജാതമാകുന്ന സാഹചര്യങ്ങളെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി പ്രയോജനപ്പെടുത്തുക. വിമര്‍ശനം തൊഴിലാക്കിയ കുബുദ്ധികളുടെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്‌ഞയോടുകൂടെ തള്ളിക്കളയുക. പുരാണപാരായണങ്ങള്‍ ചെയ്യുക. വൃദ്ധരെയും അശരണരെയും സ്വാര്‍ത്ഥചിന്തയില്ലാതെ സഹായിക്കുക.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ
നക്ഷത്രം- ചതയം
നക്ഷത്രവിശേഷം: ദേവത-വരുണന്‍, ഗണം- അസുരന്‍, ഭൂതം- ആകാശം, പക്ഷി-മയില്‍, വൃക്ഷം-കടമ്പ്, മൃഗം-കുതിര, ഉപാസനാമൂര്‍ത്തികള്‍- സരസ്വതി, ഉമാദേവി.
ശ്രദ്ധിക്കേണ്ടത്: വാക്കുകളില്‍ സദുദ്ദേശ്യം പുലര്‍ത്തുക, പരാജയങ്ങള്‍ താല്‍ക്കാലികമാണെന്നും അവയുടെ അവസാനം വിജയമാണെന്നും തിരിച്ചറിയുക. സ്വാശ്രയശീലത്തെ പരിപോഷിപ്പിക്കുക. വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ തനിക്കതിനുള്ള അര്‍ഹതയുണ്ടോയെന്ന ആത്മപരിശോധന നടത്തിയാല്‍ പരിഹാസ്യനാകുന്ന സാഹചര്യം ഒഴിവാക്കാം. ഈശ്വരഭക്‌തിയെ പിന്‍തുടരുന്നതിനൊപ്പം അതിന്റെ പേരിലുള്ള ചില ആചാരങ്ങള്‍ സഹജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. ക്ഷമയുടെ നെല്ലിപ്പലകവരെ താഴുവാന്‍ തയ്യാറായില്ലെങ്കില്‍ ദാമ്പത്യത്തില്‍ അലോസരം ഉണ്ടാകാം. കാലഗതിക്കനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടും മൂല്യശോഷണമുണ്ടാവാത്തവിധവും ആശയങ്ങള്‍ കുടുംബാംഗങ്ങളുമായി രമ്യമായി ചര്‍ച്ച ചെയ്യുക.
നക്ഷത്രം- പൂരൂരുട്ടാതി
നക്ഷത്രവിശേഷം: ദേവത, അജൈകപാതന്‍, ഗണം- മനുഷ്യന്‍, ഭൂതം- ആകാശം, മൃഗം- നരന്‍, പക്ഷി- മയില്‍, വൃക്ഷം- തേന്‍മാവ്, ഉപാസനാമൂര്‍ത്തി- ലക്ഷ്‌മീനാരായണന്‍, രാധാകൃഷ്‌ണന്‍.
ശ്രദ്ധിക്കേണ്ടത്: മണ്‍ചിരാതിന്റെ വശ്യത, അതില്‍ കത്തുന്ന തിരിക്കും, കത്താന്‍ സഹായിക്കുന്ന ചിരാതിനും ഒരുപോലെ അവകാശപ്പെട്ടത് എന്നപോലെ സ്വഭാവഗുണം സംരക്ഷിക്കുക. സഹായി ആയി ജഗദീശ്വരനെ മാത്രം സങ്കല്‌പിക്കുന്നതാണ് ഗുണകരം. വിദ്യാഗുണം പ്രതീക്ഷിക്കാം. പ്രഥമാനുരാഗം കടന്നുവന്നാല്‍ ശ്രദ്ധിക്കുക; ഒരുപക്ഷേ, ജീവിതഗതിതന്നെ അന്ധകാരത്തിലേക്കു നയിക്കുന്നതാവാം ആ പ്രണയം. തീരുമാനങ്ങള്‍ക്ക് സജ്‌ജന ഉപദേശം തേടാം. മാതാവുമായി സൗഹൃദപരമായ ഒരു അടുപ്പം സൃഷ്‌ടിച്ചാല്‍ പലതിനും ആശ്വാസമാകും. എന്നാല്‍ ദാമ്പത്യവിജയങ്ങളില്‍ ഭര്‍തൃതീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സന്താനങ്ങളെക്കുറിച്ച് അല്‌പം ശ്രദ്ധാലുവായിരിക്കുന്നതാണ് നല്ലത്. മറവി കൂടുതലുള്ളപ്പോള്‍ നോട്ട് എഴുതി സൂക്ഷിക്കുക. രാഷ്‌ട്രീയതല്‌പരത ഗുണം ചെയ്യില്ല. നീണ്ട മൗനങ്ങള്‍ക്ക് ഏറെ അര്‍ത്ഥം കല്‌പിക്കപ്പെടുമെന്നതിനാല്‍ പ്രതികരണം, മിതവും അവസരോചിതവുമായിരിക്കുവാനും ശ്രദ്ധ പുലര്‍ത്തുക.
നക്ഷത്രം- ഉത്രട്ടാതി
നക്ഷത്രവിശേഷം: ദേവത-അഹിര്‍ബുധ്‌നി, ഗണം- മനുഷ്യന്‍, ഭൂതം-ആകാശം, മൃഗം- ഗോമാതാ, പക്ഷി-മയില്‍, വൃക്ഷം-കരിമ്പന, ഉപാസനാമൂര്‍ത്തികള്‍- മഹാവിഷ്‌ണു, ശ്രീധര്‍മ്മശാസ്‌താവ്.
ശ്രദ്ധിക്കേണ്ടത്: ദിനചര്യകളിലെ കൃത്യനിഷ്‌ഠ മറ്റുള്ളവരില്‍ നിര്‍ബ്ബന്ധപൂര്‍വ്വം അനുസരിപ്പിക്കാന്‍ ശ്രമിക്കരുത്. സദാസമയവും പരിഭവങ്ങള്‍ പറയുന്ന ശീലം നന്നല്ല. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ ഏതെങ്കിലും ദുശ്ശീലങ്ങള്‍ കടന്നുകൂടിയതായി വ്യക്‌തമായി ബോധ്യപ്പെട്ടാല്‍ ക്ഷേത്രവഴിപാടുകള്‍ മാത്രം നടത്തി കാത്തിരിക്കാതെ ഭര്‍ത്താവുമായി പ്രസ്‌തുതവിഷയത്തെക്കുറിച്ച് സംസാരിക്കുവാനും തന്റെ അനിഷ്‌ടം പ്രകടിപ്പിക്കുവാനും ശ്രമിക്കണം. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ഘട്ടത്തില്‍ മാത്രമേ ബന്ധുജനസഹായം തേടാവൂ. ഇടുപ്പ്, നട്ടെല്ല്, ഗര്‍ഭാശയം, സംബന്ധിച്ചുള്ള അസ്വസ്‌ഥതകളുണ്ടായാല്‍ വൈദ്യസഹായം തേടാന്‍ അമാന്തിക്കരുത്. ഈശ്വരഭക്‌തിയും പ്രാര്‍ത്ഥന, ജപം എന്നിവയും മുടങ്ങാതെ നിലനിര്‍ത്തിക്കൊണ്ടുപോവുക. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും.
നക്ഷത്രം- രേവതി
നക്ഷത്രവിശേഷം: ഗണം-ദേവന്‍, ഭൂതം-ആകാശം, ദേവത- പുഷാവ്, മൃഗം- ആന, പക്ഷി- മയില്‍, വൃക്ഷം-ഇരിഷ, ഉപാസനാമൂര്‍ത്തികള്‍- ധന്വന്തരിമൂര്‍ത്തി, കിരാതരുദ്രന്‍.
ശ്രദ്ധിക്കേണ്ടത്: സാമ്പത്തിക ഉന്നമനങ്ങള്‍ ജാതകഫലം പോലെയേ അനുഭവത്തില്‍ വരൂവെന്ന് തിരിച്ചറിയുക. കാര്യസാധ്യത്തിനായി ഈശ്വരനെ ആശ്രയിക്കുകയും ശേഷം അലമാരയില്‍വച്ചു പൂട്ടുകയും ചെയ്യരുത്. ലക്ഷ്യപ്രാപ്‌തിക്ക് തടസ്സമായേക്കാവുന്ന ദുര്‍ഗമമായ വഴിത്താരകളിലെ നന്മതിന്മകള്‍ തിരിച്ചറിയുക. ആഡംബരവര്‍ദ്ധന നിയന്ത്രിക്കുക, ആത്മാഭിമാനവും ആദര്‍ശ ശുദ്ധിയും കൈമോശം വരാവുന്ന സന്ദര്‍ഭങ്ങളെ അതിജീവിക്കുക. മനോവ്യാപാരങ്ങള്‍ക്കനുസരിച്ചു ജീവിതഗതി മാറില്ല എന്നറിയുക. മിശ്രവിവാഹസാധ്യത പൊതുവെ തള്ളിക്കളയുക. സഹോദരഗുണവും ’ബന്ധുജനഗുണവും വേണ്ടത്ര അനുകൂലസ്‌ഥിതിയില്‍ ലഭിച്ചില്ലെങ്കിലും ആത്മാര്‍ത്ഥമായ ഭക്‌തിയോടും വിശ്വാസത്തോടും കൂടെ ഈശ്വരനില്‍ അഭയം പ്രാപിച്ചാല്‍ തീര്‍ച്ചയായും ഈശ്വരസഹായം അനിവാര്യ, പ്രതികൂല സാഹചര്യങ്ങളില്‍ ലഭിക്കും- പരിശുദ്ധയാണെങ്കില്‍ മാത്രം!
ഓരോ നക്ഷത്രജാതരുടെയും നക്ഷത്രവിശേഷങ്ങളില്‍ ചേര്‍ത്തിരിക്കുന്ന പക്ഷി, മൃഗം, വൃക്ഷം എന്നിവയെ ഉപദ്രവിക്കാതെയും ഹിംസിക്കാതെയും നശിപ്പിക്കാതെയും സംരക്ഷിച്ചും ഗണസ്വഭാവങ്ങള്‍ അനുകൂലമായത് പരിപോഷിപ്പിച്ചും പ്രതികൂലമായത് ഒഴിവാക്കിയും നക്ഷത്രദേവതയ്‌ക്ക് മാസത്തിലെ ജന്മനക്ഷത്രങ്ങള്‍ തോറും ഉപാസനാമൂര്‍ത്തീക്ഷേത്രത്തില്‍ വഴിപാടുകള്‍ ചെയ്‌തും ശ്രദ്ധിക്കേണ്ട വിഷയങ്ങളില്‍ കരുതലോടുകൂടെ മുന്നോട്ടു നീങ്ങുകയും ചെയ്‌താല്‍ ഗുണാധിക്യം ലഭ്യമാകും.