ശിവരാത്രി ദിവസം ഇങ്ങനെ ചെയ്താൽ അടുത്ത ഒരു വർഷക്കാലം ദുരിതങ്ങളിൽ നിന്ന് രക്ഷയും സർവ്വശ്വര്യവും ഉണ്ടാകും

ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തെക്കുറിച്ചും മഹിമയെക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യ ശൈവവ്രതങ്ങളില്‍ സര്‍വ്വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണ് മുഖ്യശൈവവ്രതങ്ങള്‍. ഈ വർഷം ശിവരാത്രി 2025 ഫെബ്രുവരി മാസം 26 -ആം തീയതി ആകുന്നു. (1200 കുംഭം 14 ബുധൻ)

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. വ്രതം അനുഷ്ഠിക്കുന്നവർ ഭസ്മ ലേപനവും രുദ്രാക്ഷ ധാരണവും നടത്തുന്നത് ഉത്തമം. ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം.

വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ശിവരാത്രി നാളിൽ ശിവന് കൂവളമാലയോ ഒരു കൂവളത്തിലയെങ്കിലുമോ സമർപ്പിക്കുന്നവരുടെ സർവ പാപങ്ങളും നശിക്കും. അന്നേദിവസം ജലധാര നടത്തുന്നവരുടെ സർവ ദുഖങ്ങളും ശമിക്കും. അന്നേദിവസം മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നവരുടെ രോഗങ്ങളും മൃത്യുഭീതിയും അകലും. നമശിവായ മന്ത്രം എത്ര ജപിക്കാൻ പറ്റുമോ അത്രയും ജപിക്കുക.

ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം, ശിവ ഭുജംഗം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം വിശേഷ പൂജകളും മറ്റും നടത്തിവരുന്നുണ്ട്.

ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമപൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയിലെല്ലാം പങ്കെടുത്ത്, രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ എല്ലാ യാമപൂജകളും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

ശിവരാത്രിയിൽ ഈ സ്തോത്രം ജപിച്ചാൽ ഒരു വർഷക്കാലം രോഗ ദുരിതങ്ങളിൽ നിന്നു രക്ഷ

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ രോഗങ്ങളും ദുരിതങ്ങളും അവന്റെ കൂട്ടിന് ഉണ്ടായിരുന്നു. ശാരീരികവും മാനസികവും ആയ രോഗങ്ങൾ എക്കാലത്തും മനുഷ്യ രാശിയെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശിവൻ മൃത്യുഞ്ജയനാണ്. വൈദ്യനാഥനാണ്, ഭഗവാനെ ഉപാസിക്കുവാൻ ശിവരാത്രി പോലെ ഉത്തമമായ മറ്റൊരു ദിനമില്ല. ശിവരാത്രി ദിനത്തിൽ ഈ മൃത്യുഞ്ജ സ്തോത്രം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്ക് രോഗങ്ങൾ മൂലമുള്ള ദുരിതങ്ങൾ വരികയില്ലെന്ന് ശിവോപാസകർ വിശ്വസിക്കുന്നു. ശിവരാത്രിയിൽ വ്രതം എടുത്ത് ശിവ സന്നിധിയിലോ നെയ്‌വിളക്ക് കത്തിച്ചു വച്ചോ ജപിക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കും.

കഠിനമായ രോഗ ദുരിതങ്ങളും മൃത്യുഭയവും അലട്ടുന്നവർ നിത്യേന ഈ സ്തോത്രം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുന്നത് വളരെ പ്രയോജനകരമാണ്. തിങ്കളാഴ്ചകളിലും പ്രദോഷ ദിനങ്ങളിലും മാത്രമായും ജപിക്കാവുന്നതാണ്.

മൃത്യുഞ്ജയ സ്തോത്രം

രുദ്രം പശുപതിം സ്ഥാണും
നീലകണ്ഠമുമാപതിം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

നീലകണ്ഠം കാലമൂർത്തിം
കാലാഗ്നിം കാലനാശനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം
നിർമലം നിലയപ്രദം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

വാമദേവം മഹാദേവം
ലോകനാഥം ജഗദ്ഗുരും
നമാമി ശിരസാ ദേവം
കിംനോ മൃത്യു കരിഷ്യതി

ദേവദേവം ജഗന്നാഥം
ദേവേശം ഋഷഭധ്വജം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

ത്ര്യക്ഷം ചതുർഭുജം ശാന്തം
ജടാമകുടധാരിണം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

ഭാസ്മോദ്ധൂളിത സർവാംഗം
നാഗാഭരണഭൂഷിതം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

ആനന്ദം പരമം നിത്യം
കൈവല്യപദദായിനം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

അർധനാരീശ്വരം ദേവം
പാർവതീപ്രാണനായകം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

അനന്തമവ്യയം ശാന്തം
അക്ഷമാലാധരം ഹരം
നമാമി ശിരസാ ദേവം
കിം നോ മൃത്യു കരിഷ്യതി

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 26 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 27 വ്യാഴം) എങ്ങനെ എന്നറിയാം