സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 മെയ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
പ്രശസ്ത ജ്യോതിഷി പ്രഭാസീന സി.പി. തയ്യാറാക്കിയ 1201 മേട- ഇടവ മാസങ്ങളിലായി വരുന്ന 2026 മെയ് മാസത്തെ സമ്പൂർണ്ണ രാശിഫലം താഴെ നൽകുന്നു.
മെയ് 1 മുതൽ 31 വരെയുള്ള ഈ സാമാന്യ ഫലങ്ങൾക്കൊപ്പം വ്യക്തിപരമായ ജാതകസ്ഥിതി കൂടി പരിഗണിക്കുന്നത് ഉചിതമായിരിക്കും
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): ഈ മാസം മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത വഹിക്കുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. യാത്രകളിൽ ക്ലേശങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്, പ്രത്യേകിച്ച് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. വ്യാപാര-വിപണന മേഖലകളിൽ മന്ദത അനുഭവപ്പെട്ടേക്കാം. വർഷങ്ങൾക്ക് ശേഷം സഹപാഠികളെ കണ്ടുമുട്ടാൻ ഇടവരും. ആരേയും അമിതമായി വിശ്വസിക്കരുത്, വാക്കുതർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിന്മാറുകയും ഈശ്വരഭജനം നടത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2): സുഖവും ദുഃഖവും ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കേണ്ട മാസമാണിത്. ക്ഷമ, വിനയം, ആദരവ് എന്നിവ ജീവിതത്തിൽ പകർത്തുന്നത് ഗുണം ചെയ്യും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നന്നായി ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം പുലർത്തുന്നത് വഴി ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിർത്താൻ സാധിക്കും. ദിനചര്യകളിൽ മാറ്റം വരുത്തുന്നത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. വാഹനം ഉപയോഗിക്കുമ്പോൾ അതീവ നിയന്ത്രണം ആവശ്യമാണ്.
മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4): ഏത് വിഷയത്തെയും സന്തുലിതമായി നേരിടാനുള്ള ആത്മവിശ്വാസം ഈ മാസം ആർജ്ജിക്കാൻ സാധിക്കും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്ന കർമ്മമേഖലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും തീർത്ഥയാത്രകൾക്കും വിനോദയാത്രകൾക്കും യോഗമുണ്ട്. ദാമ്പത്യത്തിൽ വേർപിരിഞ്ഞു താമസിച്ചിരുന്നവർക്ക് പുനസ്സമാഗമം സാധ്യമാകുന്ന കാലമാണ്. എന്നിരുന്നാലും സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്.
കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം): സങ്കൽപ്പങ്ങൾക്കനുസരിച്ച് കുടുംബജീവിതം നയിക്കാൻ സാധിക്കുന്നത് മനസ്സമാധാനത്തിനും സ്വസ്ഥതയ്ക്കും വഴിയൊരുക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന കാലമാണിത്. കാര്യനിർവ്വഹണ ശക്തിയും ആത്മവിശ്വാസവും വർദ്ധിക്കുന്നതിനാൽ ഔദ്യോഗിക ചുമതലകൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് സദ്‌ശീലങ്ങൾ പിന്തുടരും. സമന്വയ സമീപനം വഴി എല്ലാ കാര്യങ്ങളിലും വിജയം നേടാനും സേവന സാമർത്ഥ്യം കൊണ്ട് മേലധികാരികളുടെ പ്രീതി സമ്പാദിക്കാനും സാധിക്കും.