ആഗ്രഹങ്ങളെല്ലാം പൂവണിയാൻ ഷിപ്ര പ്രസാദിയായ ഏകദന്ത ഗണേശനെ ഉപാസിച്ചാൽ മതി
ഉടൽ മനുഷ്യസ്വരൂപമായും തല ഗജമുഖത്തോടു കൂടിയും ഉള്ള ഗണേശൻ നമ്മുടെ ഇഷ്ടദേവനാണ്. ഏതു ശുഭകാര്യത്തിനു മുമ്പും ഗണപതിയെ പൂജിച്ചിട്ടേ നാം തുടങ്ങാറുള്ളൂ. ഗണപതി പ്രസാദിച്ചാൽ എല്ലാം ശുഭപര്യവസാനമാകും. ഷിപ്ര പ്രസാദിയാണ് ഗണനായകൻ.അതി വേഗം അനുഗ്രഹം ചൊരിയുന്ന ഗണപതി ഭഗവാനെ പൊതുവേ 32 ഭാവങ്ങളിൽ ആരാധിക്കുന്നു. ഇതിൽ ഒരു ഭാവമാണ് ഏകദന്ത ഗണപതി. ഈ ഭാവത്തിൽ ഗണേശ പൂജ ചെയ്യുന്നവരുടെ എല്ലാ അഭിലാഷങ്ങളും പൂവണിയുക മാത്രമല്ല ഒടുവിൽ അവർക്ക് ദു:ഖ ദുരിതങ്ങൾ ഇല്ലാതെ മോക്ഷ പ്രാപ്തിയും ലഭിക്കും.
എല്ലാത്തിന്റെയും ആരംഭമായാണ് ഗണേശനെ പൂജിക്കുന്നത്. അഹങ്കാരം ഇല്ലാത്ത സൗമ്യതയെയും ബുദ്ധിയെയും സൂചിപ്പിക്കുന്ന ആനയുടെ മുഖം, ഓങ്കാര രൂപം ഓർമ്മിപ്പിക്കുന്ന വക്രതുണ്ഡം എന്നറിയപ്പെടുന്ന വളഞ്ഞ തുമ്പിക്കൈ, മനുഷ്യരെ നേർവഴിക്ക് നയിക്കുന്നതിനുള്ള ആനത്തോട്ടി, ലൗകിക ജീവിതത്തിലെ ആഗ്രഹങ്ങളുടെ പ്രതീകമായ പാശം, സ്വയം കണ്ടെത്തലിന്റെ മധുരം കിനിയുന്ന കൊതിയൂറുന്ന മോദകം ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷ ഗുണങ്ങൾ ഉള്ള ഗണേശ ഭഗവാൻ നന്മയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അധിദേവതയാണ്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
ഗണേശ രൂപത്തിലെ പ്രധാന പ്രത്യേകതകളിൽ ഒന്ന് ഒടിഞ്ഞ കൊമ്പാണ്. മഹാഭാരതം എഴുതാനും അസുരനോട് യുദ്ധം ചെയ്യാനും ഭഗവാൻ ഈ ഒടിഞ്ഞ കൊമ്പ് തന്നെയാണ് ഉപയോഗിക്കുന്നത്. അതിന്റെ അർത്ഥം ഒരേ സമയം സൃഷ്ടിയും സംഹാരവും നടത്താൻ കഴിയുന്നവനാണ് ഭഗവാൻ എന്നത്രേ. അതാണ് ഈ കൊമ്പിന്റെ ദിവ്യത്വം. എന്നാൽ ഉമാമഹേശ്വരന്മാരുടെ വത്സല്യ നിധിയായ ഗണേശൻ ആദ്യം ഇരുദന്തങ്ങളോടും കൂടിയവനായിരുന്നു. പിന്നീടാണ് ഏകദന്തനായത്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥയാണിത്. ദശാവതാരത്തിൽ ആറാമത്തെ അവതാരവും രേണുകാ ജമഗദഗ്നി ദമ്പതികളുടെ മകനുമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹത്തിനാണ് അവതരിച്ചത്. തന്നോടുള്ള ഭക്തിയിൽ പ്രസാദിച്ച് പരശുരാമന് ശിവൻ നൽകിയതാണ് പരശു എന്ന ആയുധം. എവിടെ ലക്ഷ്യമാക്കി ഈ മഴു പ്രയോഗിച്ചാലും ലക്ഷ്യത്തെ ഭേദിച്ച് അത് തിരികെ എത്തും.
ഒരിക്കൽ ഗുരുവായ ശിവനെകാണാൻ പരശുരാമൻ കൈലാസത്തിൽ എത്തി. ഭഗവാനും ഭഗവതിയും ഗണേശനെ ദ്വാരപാലകനാക്കിയിട്ട് യോഗനിദ്രയിലായിരുന്നു. ശിഷ്യൻ ഗുരുവിനെ കാണാനുള്ള ആഗ്രഹം ഗണപതിയെ അറിയിച്ചു. ഇപ്പോൾ സാദ്ധ്യമല്ല എന്ന് ഗണേശൻ പറഞ്ഞു. കണ്ടിട്ടേ പോകൂ എന്ന് ശഠിച്ച പരശുരാമൻ ഗണേശനെ ദേഹോപദ്രവമേൽപ്പിച്ചു. ഗണപതിയാകട്ടെ പരശുരാമനെ എടുത്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു.
ഉഗ്രതപസ്വിയായ പരശുരാമൻ ഏറ്റവും ഒടുവിൽ മാത്രം ഉപയോഗിക്കേണ്ട, ശിവൻ സമ്മാനിച്ച, ആരാലും തടുക്കാനാകാത്ത പരശു – മഴു എടുത്ത് ഗണപതിയുടെ കഴുത്ത് നോക്കി എറിഞ്ഞു. പക്ഷേ അച്ഛൻ ദാനം നൽകിയ ആയുധം എങ്ങനെ മകനെ ഗളഛേദം ചെയ്യും. മഴു അന്തരീക്ഷത്തിൽ തന്നെ ചുറ്റി നിൽപ്പായി. കാര്യങ്ങൾ വഷളായി. അത് കണ്ട് ദേവകുലം ഭയപ്പെട്ടു. കൂടുതൽ അഹിതങ്ങൾ ഒഴിവാക്കാൻ ദേവൻമാർ കൈലാസത്തിലെത്തി രണ്ടുപേരെയും സാന്ത്വനിപ്പിച്ചു. അവർ ഒരു ഒത്തുതീർപ്പുണ്ടാക്കി. പരശുരാമന് മാനഹാനി വരാത്ത തരത്തിലെ ഒരു പോംവഴി. ആനയുടെ (ഗജപതി വദനം) കൊമ്പ് എപ്പോഴായാലും മുറിച്ചുമാറ്റേണ്ടത് തന്നെ. മനുഷ്യർക്ക് നഖവും ശ്മശ്രുവും വളർന്നാൽ മുറിക്കണം. നഖവും കൊമ്പും ഇക്കാര്യത്തിൽ തുല്യം തന്നെ.അങ്ങനെ ഗണപതിയുടെ കൊമ്പിന്റെ തുമ്പ് പരശുരാമൻ വിട്ട മഴു ഉപയോഗിച്ച് അല്പം ഛേദിക്കാൻ ഗണേശൻ അനുവദിച്ചു. അങ്ങനെ പരശു അതിന്റെ ലക്ഷ്യം സാധിച്ചു. ഇരുകൂട്ടരും തോറ്റതുമില്ല. ജയിച്ചതുമില്ല. ഈ കൊമ്പു കൊണ്ടാണ് വേദവ്യാസൻ പറഞ്ഞു കൊടുത്ത മഹാഭാരതം മുഴുവൻ ഗണപതി എഴുതിയെടുത്തത്.
ഏകദന്ത ഗണപതി സ്തുതി
ലംബോദരം ശ്യാമ തനും ഗണേശം
കുഠാരമക്ഷ സ്രജ മൂർധ്വഗാത്രം
സലഡ്ഡുകം ദന്ത മധ: കരാഭ്യാം
വാമേ തരാഭ്യാം ച ദധാന മീഡേ
(നിവർന്നിരിക്കുന്ന, കറുത്ത വർണ്ണ ശരീരമുള്ള
ഏകദന്തനായ, ചതുർബാഹുവായ, മഴു, അക്ഷമാല,
ലഡ്ഡു എന്നിവ വഹിക്കുന്ന ഗണപതി ഭഗവാനെ പൂജിക്കുന്നു)
ജ്യോതിഷാചാര്യൻ കെ ദേവീദാസ്
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം