ചിങ്ങം 1 മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ പുതിയ ചിട്ടകൾ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്താൻ ഭക്തജനങ്ങൾക്ക് പുതിയ ചിട്ട. ഒരേസമയം രണ്ട് ദിശകളിൽ ഭക്തർ സഞ്ചരിക്കുന്നത് കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും തൊഴുതുമടങ്ങാനുമുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ആദ്യം പത്മനാഭന്റെ പാദം വണങ്ങത്തക്ക് രീതിയിൽ ദർശന ക്രമീകരണത്തിൽ മാറ്റങ്ങളുണ്ടാകും.
തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂര്‍ത്തിയെ വണങ്ങിയശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി വടക്കുഭാഗത്തുകൂടെ പുറത്തിറങ്ങുന്നതാണ് നിലവിലെ രീതി.ഇനി നാലു ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം. ശേഷം വലത്തേക്ക് തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങൾ ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം. ആദ്യം ശ്രീരാമസ്വാമിയുടെ ദർശനം, തുടർന്ന് വിശ്വക് സേനയെ തൊഴുത ശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം.ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി, വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയാണിത്. ഇരുഭാഗത്തുമായി ഭക്തര്‍ പ്രദക്ഷിണം ചെയ്യുന്നത് അസൗകര്യമാകുന്നത് ഒഴിവാക്കാന്‍ തന്ത്രി തരണനല്ലൂര്‍ എന്‍പി ഗോവിന്ദന് നമ്പൂതിരിപ്പാട്, തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ ദര്‍ശന രീതി.
അർച്ചന, പ്രസാദം തുടങ്ങിയവ പുറകിലുള്ള മണ്ഡപത്തിൽ വിതരണം ചെയ്യാനുമാണ് ഭരണസമിതിയുടെ തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് അറിയിച്ചു.
ശ്രീപത്മനാഭസ്വാമിയുടെ അനന്തശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, രണ്ട് ഗ്രാം, അരപ്പവൻ, ഒരു പവൻ വരുന്ന നാണയങ്ങളാണ് പുറത്തിറക്കുന്നത്. കാണിക്കയായും നേർച്ചയായും ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അതിനാല്‍ പരിമിതമായ നാണയങ്ങളേ വില്പനയ്ക്കുണ്ടാകൂവെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. അതാത് ദിവസത്തെ വിപണി വിലയെ ആശ്രയിച്ചാണ് നാണയത്തിന് വില ഈടാക്കുക. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഭരണസമിതി അംഗം ആദിത്യ വർമ്മ നാണയം പുറത്തിറക്കും.