സമ്പൂർണ വർഷഫലം: 1199 (2023 ആഗസ്റ്റ് 17- 2024 ആഗസ്റ്റ് 16) ഓരോ നക്ഷത്രക്കാർക്കും എങ്ങനെ എന്നറിയാം
- അശ്വതി
തൊഴിൽ സംബന്ധമായി അനുകൂല കാലയളവാണ്. സ്ഥാനക്കയറ്റം, ഉദ്യോഗലബ്ധി, വിവാഹാദി കർമ്മങ്ങൾ എന്നിവയ്ക്ക് അനുകൂലം. പുതിയ വാഹനം, പുതിയ ഗൃഹം എന്നിവയ്ക്ക് ഉത്തമകാലഘട്ടം. വിദേശയാത്രയ്ക്ക് അനുകൂലം. വൃശ്ചികമാസം മുതൽ ശിരോ-സന്ധി രോഗാദികൾ ഉണ്ടാകും. പ്രായേണ അനുകൂലം.
- ഭരണി
പതിനൊന്നിൽ ശനി നിൽക്കുന്ന കാലയളവ് ഉന്നതസ്ഥാനമാനങ്ങൾ അലങ്കരിക്കും. ദേശ-ദേശാന്തര സഞ്ചാരം നടത്തും. ധനപരമായി അനുകൂലം. രാഷ്ട്രീയ ഭരണനിർവ്വഹണ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ശോഭിക്കുവാൻ സാധിക്കുന്ന കാലഘട്ടം. വർഷാദ്യപാദം പങ്കാളിയുമായി അസ്വാരസ്യം, രോഗം, സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കമില്ലായ്മ എന്നിവ ഫലം.
- കാർത്തിക
ആദ്യപാദം പൊതുവേ അനുകൂലം. ധനപരമായി അനുകൂലം. ഇഷ്ടസന്താന യോഗം. വിദേശയാത്ര ഫലം. കാർത്തിക നക്ഷത്രം പൊതുവേ പ്രതികൂലമായ കാലയളവാണ്. വ്യാഴത്തിന്റെ അനിഷ്ടസ്ഥിതി, കണ്ടകനായ ശനി, കർമ്മസംബന്ധമായ അലച്ചിൽ, മേലധികാരികളുടെ അപ്രീതി, ബന്ധുജന വിരോധം എന്നിവ ഫലം. വർഷാന്ത്യം പൊതുവേ അനുകൂലം.
- രോഹിണി
ധനപരമായി ചെലവ് ഏറിയ കാലഘട്ടം. ധൈര്യം, പ്രവൃത്തി, മനസ്സുഖം എന്നിവയ്ക്ക് കുറവ് അനുഭവപ്പെടും. രോഗാദിക്യം. ശത്രുദോഷം എന്നിവ ഫലം എന്നിവ അനുഭവിക്കുന്നതാണ് വർഷാന്ത്യം ഭേദപ്പെട്ട ഫലങ്ങൾ ലഭിക്കുന്നതാണ്.
- മകയിരം
ആദ്യ രണ്ടുപാദങ്ങൾ പ്രായേണ പ്രതികൂലമാണ്. സാമ്പത്തിക അച്ചടക്കം പാലിക്കാൻ പറ്റാത്ത കാലം. തൊഴിൽ സംബന്ധമായും മറ്റും ദീർഘയാത്ര ചെയ്യാൻ യോഗം കാണുന്നു. ജോലി സംബന്ധമായി അലച്ചിലും പ്രയാസവും ഏറിയ കാലം. അവസാന രണ്ടുപാദങ്ങൾ അനുകൂലമാണ്. തൊഴിൽ സംബന്ധമായ അനുകൂലമായ മാറ്റം. ഉയർച്ച, ധനപരമായി മെച്ചപ്പെട്ട സാഹചര്യം, അപ്രതീക്ഷിതമായ ധനാഗമ മാർഗ്ഗങ്ങൾ എന്നിവ സാധ്യമാകും. പുതിയ വാഹനം, പുതിയ ഗൃഹം എന്നിവയ്ക്ക് യോഗം കാണുന്നു. വിവാഹം നടക്കുവാൻ യോഗമുള്ള കാലം.
- തിരുവാതിര
അനുകൂലഫലം. ധനപരമായി ക്രമാനുഗതമായ ഉയർച്ച, കളത്രസുഖം, മനസ്സുഖം, വിവാഹയോഗം, രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനസമ്മതി, അംഗീകാരം എന്നിവ ലഭിക്കുന്നതാണ.് കലാകാരന്മാർക്ക് അനുകൂലം. ദൈവാധീനമുള്ള കാലമാകയാൽ ചെയ്യുന്ന പ്രവൃത്തികളിൽ വിജയം കൈവരിക്കുന്നതാണ്. വർഷാന്ത്യം പ്രതികൂലമാണ്.
- പുണർതം
ഉയർന്ന പദവി, ദീർഘനാളായി മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിക്കും. ഉപരിപഠനം, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പിതാവിന് കഷ്ട-നഷ്ടങ്ങൾ അനുഭവപ്പെടും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യപരമായി മെച്ചപ്പെട്ട കാലയളവാണ്. കളത്രം വഴി ധനാഗമങ്ങൾ പ്രതീക്ഷിക്കുന്നു.
- പൂയം
ഗുണദോഷ സമ്മിശ്രം. സാമ്പത്തിക നില അനുകൂലമായിരിക്കും. കർമ്മരംഗത്ത് അസ്വസ്ഥതകൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി അകന്ന് താമസിക്കാൻ ഇടവരും. മാതാവിനും മാതൃസ്ഥാനീയർക്കും അരിഷ്ടതകൾ കാണുന്നു. ജോലി സംബന്ധമായി യാത്രകളും മറ്റും ഏറിയ കാലം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
- ആയില്യം
ജീവിതത്തിൽ തിരക്കുകളേറുന്ന കാലഘട്ടം. ജോലി സംബന്ധമായും അല്ലാതെയും യാത്രകൾ ചെയ്യുന്ന കാലം. സന്ധി സംബന്ധമായ രോഗങ്ങൾ മൂർച്ഛിക്കാൻ യോഗം കാണുന്നു. വിദ്യാർത്ഥികൾ പഠനവൈകല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകേണ്ട കാലമാണ്. പങ്കാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ധനം വരാനും നിലനിൽക്കാനും ശ്രദ്ധിക്കണം.
- മകം
സ്ഥാനഭ്രംശം സംഭവിക്കും. ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടും. അനുയോജ്യരല്ലാത്ത കൂട്ടുകെട്ടുകളിൽ എത്തപ്പെടും. പങ്കാളികളുമായി അത്ര രമ്യതയിൽ ആയിരിക്കില്ല. ജോലി സംബന്ധമായി യാത്രകൾ ചെയ്യേണ്ട അവസ്ഥ സംജാതകമാകും. ശത്രുക്കൾ ശക്തരാവും. ഉദരസംബന്ധമായ രോഗങ്ങളെക്കൊണ്ട് പീഡിതനാകും. സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. സഹായഭാവം അനുകൂലമാണ്.
- പൂരം
പ്രായേണ മെച്ചപ്പെട്ട കാലം. ഭൂമി സംബന്ധമായും മറ്റും ലാഭം പ്രതീക്ഷിക്കാം. ജീവിതം പുതിയ തലത്തിലേക്ക് മാറ്റപ്പെടുന്ന സമയം. ജോലി ഭാരമേറുമെങ്കിലും അതിൽ നിന്നും കാര്യമായ മെച്ചം പ്രതീക്ഷിക്കാം. പുതിയ ധനാഗമ മാർഗ്ഗങ്ങൾ കൈവരും. നഷ്ടത്തിലായ കച്ചവടം ലാഭത്തിലേക്ക് എത്തിക്കാൻ സാധിക്കും. പൊതുവെ യാത്രകൾ ജീവിതത്തിന്റെ ഭാഗമാകും. ശാരീരിക ക്ലേശങ്ങൾ അനുഭവിക്കും. പങ്കാളിയുമായി വാക്കുതർക്കത്തിലേർപ്പെടും.
- ഉത്രം
ജീവിതത്തിൽ പടിപടിയായി ഉയർച്ച ഉണ്ടാകുന്ന കാലം. കുറേനാളത്തെ പരിശ്രമങ്ങൾക്ക് മെച്ചപ്പെട്ട ഫലം ഉണ്ടാകുന്നു. തൊഴിൽപരമായും ഉയർച്ച ലഭിക്കുന്ന കാലയളവ് ആത്മവിശ്വാസത്തോടുകൂടി മുന്നേറാൻ സാധിക്കും. ധനത്തിന്റെ ക്രയവിക്രയങ്ങൾ സൂക്ഷിക്കേണ്ടതാണ്. വിദേശയാത്രകൾ സഫലീകൃതമാകും. അലർജി അനുബന്ധ രോഗങ്ങൾ അലട്ടുമെങ്കിലും പൊതുവേ ആരോഗ്യപരമായി മെച്ചപ്പെട്ടതാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് സാധ്യമാകും.
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
- അത്തം
രജോഗുണപ്രദമായ അത്തം നക്ഷത്രക്കാർക്ക് അനുകൂലമായ ഒരു വർഷക്കാലം. പൊതുവേ ഉത്സാഹശീലരായ ഇവർക്ക് കർമ്മപുഷ്ടിയും ഉയർച്ചയും ഉണ്ടാകുന്നതാണ്. ഉത്തമദാമ്പത്യം ലഭിക്കുന്നതാണ്. പൊതുവേ ബന്ധുജന വിരോധികളായ ഇവരുടെ നിലപാടിൽ മാറ്റം വരുന്ന കാലം കൂടിയാണ്. പരോപപ്രദമായ കർമ്മങ്ങൾ അനുഷ്ഠിക്കും. ധനപരമായി മെച്ചപ്പെട്ട കാലം എന്നിരുന്നാലും ധനനഷ്ടം വരാതെ സൂക്ഷിക്കണം.
- ചിത്തിര
ഗുണാധിക്യം കൂടിയ കാലം. നിർബന്ധ ബുദ്ധിക്കാരായ ഇവർക്ക് അടുത്ത ഒരു വർഷക്കാലം ധനത്തിനും സുഖത്തിനും കുറവുവരില്ല. ആർക്കും പിടികൊടുക്കാത്ത സ്വഭാവത്തോടുകൂടിയ ഇവർക്ക് അനുയോജ്യമല്ലാത്ത കൂട്ടുകെട്ടുകളിൽ ചെന്ന് പെടേണ്ട സാഹചര്യം ഉണ്ടാകും. അതുമൂലം അഭിമാനത്തിനും ധനത്തിനും ക്ഷയം സംഭവിക്കാൻ സാധ്യത കാണുന്നു. തൊഴിൽപരമായും മറ്റും പുതിയ മേഖലകളിലേക്ക് സഞ്ചരിക്കുന്നവർക്ക് അനുകൂലമായി മാറ്റം സംഭവിക്കുന്നതാണ്. കൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കണം.
- ചോതി
ധനപുഷ്ടിയും ഐശ്വര്യവും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. പൊതുവേ ഈശ്വരഭക്തരായ നക്ഷത്രജാതർക്ക് ദൈവാധീനം ഉള്ള കാലഘട്ടം. കർമ്മപുഷ്ടിയും കാണുന്നു. ജീവിതത്തിലെ ചില തെറ്റായ തീരുമാനങ്ങൾ നിമിത്തം ദ്രവ്യനഷ്ടം സംഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മാന്ദ്യം അനുഭവപ്പെടും. ബൗദ്ധിക കാര്യങ്ങളിൽ താൽപ്പര്യക്കുറവ് കാണുന്നു.
- വിശാഖം
ജീവിതത്തിൽ നേട്ടങ്ങളുണ്ടാകുന്ന കാലം. പരിശ്രമശാലികളായ ഇവർക്ക് ഉയർച്ചയും അംഗീകാരവും ലഭിക്കും. പൊതുവേ കോപശീലരും അഹങ്കാരികളുമായ നക്ഷത്രജാതരുടെ പ്രവൃത്തികൾ ഐശ്വര്യത്തിനും ബന്ധുജനപ്രീതിക്കും കുറവ് വരുത്തുന്നതാണ്. ആയതിനാൽ മനോനിയന്ത്രണത്തോടുകൂടി മുന്നോട്ട് പോകേണ്ടതാണ്. വാഹനയോഗം കാണുന്നു. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണ്.
- അനിഴം
അനിഴം നക്ഷത്രക്കാർ പൊതുവേ പരോപരകാരികളും ധർമ്മിഷ്ഠരും ബന്ധുജന പ്രീതിയുമുള്ളവരും ആയിരിക്കും. കണ്ടകശനിയുടെ വൈഷമ്യങ്ങൾ ഇവരുടെ മനോബലം കൊണ്ടും ഒരു പരിധിവരെ തരണം ചെയ്യുന്നതാണ്. ഇവരിൽ അധികം ആളുകളും പ്രവാസികളും അന്യനാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. പങ്കാളികളുമായുള്ള പൊരുത്തക്കേട് ഒരുപരിധിവരെ ഇവരുടെ ജോലിയെ ബാധിക്കുന്നതാണ്. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- തൃക്കേട്ട
ശാരീരിക വൈഷമ്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും. കുടുംബത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യം ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കും. ബന്ധുജനങ്ങൾ നിമിത്തം മാനഹാനി സംഭവിക്കാതെ നോക്കണം. ബിസിനസ്സുകാർക്ക് പ്രത്യേകിച്ച് അനുകൂലമല്ല. പങ്കാളികളുമായി അസ്വാരസ്യം ഉണ്ടാകാതെ നോക്കണം. പൊതുവേ മനസ്സമാധാനം കുറഞ്ഞ കാലം.
YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു | Ningalkkariyamo?
- മൂലം
ദീർഘനാളായി അനുഭവിച്ച ദുരിതങ്ങൾക്ക് മാറ്റം വരാൻ പോകുന്ന ഒരു വർഷക്കാലം. പൊതുവേ സുഖം അനുഭവിക്കാൻ യോഗം നഷ്ടപ്പെട്ട ധനം, തൊഴിൽ എന്നിവ തിരികെ ലഭിക്കും. സ്വന്തം കഴിവുകൾക്ക് അംഗീകാരം. വാഹനയോഗം. വിവാഹാദി കർമ്മങ്ങൾ നടക്കാൻ അനുകൂലം. അപ്രതീക്ഷിതമായ സഹായങ്ങൾ ലഭിക്കും. വിദേശസഞ്ചാരം സാധ്യമാകും. പങ്കാളികളുമായി രമ്യതയിൽ എത്തും. രോഗദുരിതങ്ങളിൽ നിന്നും മോചനം ഉണ്ടാകും.
- പൂരാടം
അപ്രതീക്ഷിതമായി പുതിയ കർമ്മമേഖലയിൽ പ്രവേശിക്കാൻ സാധിക്കും. ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടാകുന്ന കാലം. വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. പുതിയ സുഹൃത്ബന്ധങ്ങൾ വന്നുചേരും. ശത്രുക്കൾ നിഷ്പ്രഭമാകും. ബിസിനസ്സ് മേഖലയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല കാലമാണ്. സന്താന സൗഭാഗ്യം ഉണ്ടാകും. പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും.
- ഉത്രാടം
ദീർഘനാളായി അനുഭവിച്ചു വന്ന പ്രയാസങ്ങൾക്ക് മാറ്റമുണ്ടാകുന്നതാണ്. സാമ്പത്തിക ക്ലേശം അനുഭവിക്കും. സ്ഥാനഭ്രംശം സംഭവിക്കും. ബന്ധുജനങ്ങളുമായി അകന്ന് നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. ദ്രവ്യ നഷ്ടമുണ്ടാകും. തൊഴിൽ അസ്ഥിരത ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രാർത്ഥിക്കണം.
- തിരുവോണം
രോഗദുരിതാദികൾക്ക് നിവൃത്തി ഉണ്ടാകും. നഷ്ടപ്പെട്ട സന്തോഷം തിരികെ ലഭിക്കും. സഹായഹസ്തങ്ങളുണ്ടാകും. പുതിയ തൊഴിൽ മേഖലയിലേക്ക് മാറ്റപ്പെടും. ബന്ധുജനങ്ങളുമായി നല്ല ബന്ധത്തിന് ശ്രമിക്കും. മനസ്സിന് പുതിയൊരു ഉണർവ്വ് ലഭിക്കുന്നു. മേലധികാരികളുമായി നല്ല ബന്ധത്തിൽ തുടരണം. വിദ്യാർത്ഥികൾക്ക് പഠനവിഷയങ്ങളിൽ താൽപ്പര്യം കുറയുന്ന കാലം.
- അവിട്ടം
കലാപരമായ നൈപുണ്യമുള്ളവളാണ് ഈ നക്ഷത്രക്കാർ, മികച്ച കലാസ്വാദകർ കൂടിയാണ്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളെല്ലാം സംഭവിച്ച ഏതാനും വർഷങ്ങളാണ് അവിട്ടക്കാർക്ക് കടന്നുപോയത്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. കർമ്മപഥത്തിലൂടെ പരിഹരിക്കും. ഈശ്വരോപാസനയോടുകൂടി മുന്നോട്ടുപോകണം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം. പങ്കാളികളുമായി രമ്യതയിൽ പോകണം. ദീർഘകാല കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതാണ്. അനുയോജ്യമല്ലാത്ത സുഹൃത്ത് ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ടതാണ്.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
- ചതയം
ജീവിതത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാലം. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദേശ-ദേശാന്തര സഞ്ചാരം സാധ്യമാകും. തൊഴിൽപരമായും പഠനത്തിനും മറ്റും ധാരാളം യാത്രകൾ ചെയ്യുന്നതാണ്. സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ സാധിക്കാതെ വരുന്നതിൽ വിഷമം തോന്നും. ഏകാഗ്രത, ഓർമ്മ എന്നിവയ്ക്ക് കുറവ് അനുഭവപ്പെടും. ബന്ധുജനവിയോഗം. ബന്ധനം എന്നിവ ഫലം. കർമ്മസംബന്ധമായി ജോലി ഭരം ഏറിയിരിക്കും.
- പൂരുരുട്ടാതി
ധനസ്ഥിതി മോശമായിരിക്കും. വരവിനെ അപേക്ഷിച്ച് ചെലവ് കുടിയിരിക്കും. മനസ്സിന് പലതരം ക്ലേശങ്ങൾ അനുഭവിക്കും. ഇഷ്ടജന വിയോഗം, സുഹൃദ് ബന്ധങ്ങളിലും പ്രേമബന്ധങ്ങളിലും വിള്ളൽ. നന്നായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ എന്നിവയുണ്ടാകും. വാതരോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവ കൊണ്ട് പീഡിതനാകും. തൊഴിലിടങ്ങളിൽ നിന്ന് അപ്രതീക്ഷിത പുറത്താകലുകൾ നേരിടേണ്ടി വരും.
- ഉത്തൃട്ടാതി
ധനപരമായി മെച്ചം ഉണ്ടാകും. ദൈവാധീനമുണ്ട്. കർമ്മ സംബന്ധമായി പുഷ്ടിക്കുറവ്, അലസത, ആത്മാർത്ഥത കുറവ് എന്നിവ കാണുന്നു. ബന്ധുജനങ്ങളുടെ വിയോഗം, അപ്രീതി, ആത്മസുഹൃത്തുക്കളുമായി അസ്വാരസ്യം എന്നിവ പ്രതീക്ഷിക്കാം. വ്യാഴത്തിന്റെ ഇഷ്ടസ്ഥിതി ഒട്ടുമിക്ക ദോഷങ്ങൾക്കും പരിഹാരമാണ്. അകാരണമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകും. അപകടങ്ങളിൽ നിന്നും അത്ഭുതപരമായി രക്ഷപ്പെടും എന്നിരുന്നാലും പ്രത്യേക ശ്രദ്ധയോടുകൂടി മുന്നോട്ടുപോകുക.
- രേവതി
രേവതി നക്ഷത്രക്കാർ പൊതുവേ സമർത്ഥവും കാര്യപ്രാപ്തിയുള്ളവരും ധനത്തിന്റെ ക്രയവിക്രയങ്ങളിലും ആത്മവിശ്വാസക്കുറവ് അനുഭവിക്കേണ്ടി വരും. അകാരണമായ ഭയം പങ്കാളികളുടെ നിസ്സഹകരണം മൂലം തൊഴിൽ രംഗത്ത് ഏറെ പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നതാണ്. തൊഴിൽനഷ്ടം സംഭവിക്കില്ല. പൂർവ്വികസ്വത്ത്, ധനം എന്നിവ വന്നുചേരും. ദീർഘനാളത്തെ വ്യവഹാരങ്ങൾക്ക് തീർപ്പുണ്ടാകും. അനേകം യാത്രകൾ ചെയ്യേണ്ട അവസ്ഥയുണ്ടാകും. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഗൃഹം മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. പങ്കാളിയുമായി വേർപെട്ട് നിൽക്കാനും യോഗം കാണുന്നു.
തയാറാക്കിയത്: ശ്രീനിവാസ ശർമ്മ
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?